ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ 10 കേസുകൾ പരിഗണിച്ചു
1481052
Friday, November 22, 2024 5:26 AM IST
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം നൽകി
കണ്ണൂർ: കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ആറളം ഉരുപ്പുകുണ്ട് സ്വദേശി ഫ്രാൻസിന്റെ പരാതി കമ്മീഷന്റെ ഇടപെടൽ മൂലം തീർപ്പായി. പരാതിക്കാരന് 37,433 രൂപ നഷ്ടപരിഹാരം അനുവദിച്ച് നൽകിയതായി ആറളം പഞ്ചായത്ത് സെക്രട്ടറി ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പ്രെഫഷണൽ കോളജ് സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചുവെന്ന വിദ്യാർഥിനിയുടെ രക്ഷകർത്താവിന്റെ പരാതിയും തീർപ്പായി. ഫീസ് ഇനത്തിൽ കുടിശിക വന്നതിനാലാണ് സർട്ടിഫിക്കറ്റുകൾ നൽകാത്തതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ നിലപാടെടുത്തതോടെ വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫീസ് ലഭിക്കാനുള്ള ന്യായം നിരത്തി സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കഴിയില്ലന്ന് കമ്മീഷൻ വ്യക്തമാക്കി.
2018ലെ നെൽവയൽ തണ്ണീർത്തട ഭേദഗതി ആക്ടിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റാനാകുന്നില്ലെന്ന ഇരിട്ടി സ്വദേശിയുടെ പരാതിയും തീർപ്പാക്കി. പരാതിക്കാരൻ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ച് റിപ്പോർട്ട് നൽകിയാൽ ഭൂമി തരംമാറ്റി നൽകുമെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് പരാതി തീർപ്പാക്കിയത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിൽ പത്ത് പരാതികൾ പരിഗണിച്ചു. മൂന്ന് എണ്ണം തീർപ്പാക്കി. ഏഴെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
സമന്വയം: ജില്ലാതല
ഉദ്ഘാടനം
ജനുവരി 11ന്
കണ്ണൂർ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമന്വയം-ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ-പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 11 ന് കളക്ടറേറ്റിൽ നടക്കും. മേഖലാതല രജിസ്ട്രേഷൻ ക്യാമ്പുകൾ ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലും നടത്തും.
ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് കാവനാടി ചെയർമാനും ഹനീഫ് ടി. പാനൂർ ജനറൽ കൺവീനററുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിൻസിപ്പൽ കെ. സുജിതയാണ് ജില്ലാ കോ-ഓർഡിനേറ്റർ.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് വൈജ്ഞാനിക, തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകി തൊഴിൽ ലഭ്യമാക്കുകയാണ് "സമന്വയം' പദ്ധതിയുടെ ലക്ഷ്യം. ഹയർ സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59നും മധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ന്യൂനപക്ഷ കമ്മീഷൻ
വാട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കും
കണ്ണൂർ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കും. പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാം. സംസ്ഥാനത്ത് നവംബർ ഒന്നിന് ആരംഭിച്ച ഈ പദ്ധതി വഴി പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ പറഞ്ഞു. ഇമെയിൽ, തപാൽ മുഖേനയും നേരിട്ടും പരാതികൾ സ്വീകരിക്കുന്നുണ്ട്.
അടിയന്തര സ്വഭാവമുള്ള പരാതികൾ പ്രത്യേക സിറ്റിങ്ങിലൂടെ പരിഹരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ളവർക്ക് 24 മണിക്കൂറും പരാതികൾ അയയ്ക്കാം. പരാതി കിട്ടിയാൽ ഉടൻ തന്നെ പരാതികാരന് മറുപടി ലഭിക്കും.
വാട്സ് ആപ്പിലൂടെ ബുധനാഴ്ച്ച വരെ ലഭിച്ച 16 പരാതികൾ രജിസ്റ്റർ ചെയ്തു.