വുമൺസ് അണ്ടർ 15 ഏകദിന ട്രോഫി : കണ്ണൂർ സ്വദേശിനി ആരിത കേരള ടീമിൽ
1480549
Wednesday, November 20, 2024 6:23 AM IST
കണ്ണൂർ: ഷിമോഗയിൽ 21 മുതൽ ബിസിസിഐ വുമൺസ് അണ്ടർ 15 ഏകദിന ട്രോഫിയ്ക്കുള്ള കേരള ടീമിൽ കണ്ണൂർ അഴീക്കോട് സ്വദേശിയായ പി.വി. ആരിത തെരഞ്ഞെടുക്കപ്പെട്ടു. ലെഗ് സ്പിന്നറും മധ്യനിര ബാറ്ററുമായ ആരിത ആദ്യമായാണ് കേരള ടീമിൽ ഇടം നേടുന്നത്.15 വയസിന് താഴെയുള്ള കണ്ണൂർ ജില്ല ടീം ക്യാപ്റ്റനാണ് ആരിത.
കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന റഗുലർ ക്യാമ്പിൽ ഒ.വി. മസർ മൊയ്തു, ഡിജു ദാസ്, എ.കെ.രാഹുൽ ദാസ് , സുബിൻ സുധാകരൻ എന്നിവരുടെ കീഴിലാണ് പരിശീലനം നേടുന്നത്. അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആരിത അഴീക്കോട് പുതിയാപറമ്പ കാടന്മാർവീട്ടിൽ കെ.വി.ഗിരീഷ്-പി.വി.മഞ്ജുള ദന്പതികളുടെ മകളാണ്. പി.വി. ആദിഷ് സഹോദരനാണ്. മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനവും ചിട്ടയോടെയുള്ള പരിശീലനവുമാണ് ആരിതയുടെ നേട്ടത്തിന് പിന്നിലെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് പറഞ്ഞു.
ഗ്രൂപ്പ് എ യിൽ 21 ന് ഹരിയാനയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. 23 ന് തമിഴ്നാടിനെയും 25 ന് ബീഹാറിനെയും 27 ന് നാഗാലാന്റിനെയും 29 ന് ഹൈദരാബാദിനെയും നേരിടും. റെയ്ന റോസാണ് കേരള ക്യാപ്റ്റൻ.