റബർ നഴ്സറികളും വിസ്മൃതിയിലേക്ക്..
1481049
Friday, November 22, 2024 5:26 AM IST
ചെമ്പന്തൊട്ടി: ഒരു വ്യാഴവട്ടക്കാലം മുന്പു വരെ മലയോര മേഖലയിൽ എവിടേയും കാണാമായിരുന്ന റബർ നഴ്സറികൾ അപ്രത്യക്ഷമാകുന്നു. റബർ ഷീറ്റിന് നല്ല വില ലഭിച്ച ഘട്ടത്തിൽ വീട്ടുമുറ്റത്തു വരെ കർഷകർ റബർ വച്ചുപിടിപ്പിച്ചിരുന്നു. ഇതുമൂലം റബർ തൈകൾക്കും നല്ല ഡിമാൻഡ് ഉണ്ടായിരുന്നു. മലയോര മേഖലയിൽ റബർ തൈ വില്പന നടത്തി സാമ്പത്തികമായി നല്ല ഭദ്രത സ്ഥാപിച്ചവരും നിരവധി ഉണ്ടായിരുന്നു.
എന്നാൽ കുറച്ചുവർഷങ്ങളായി ഷീറ്റിന്റെ വില ഇടിഞ്ഞതോടെ കർഷകർ റബർകൃഷിയിൽനിന്നു മാറിനിൽക്കുകയാണ്. ഇതു റബർ നഴ്സറികൾക്കും തിരിച്ചടിയായി. ഭൂരിഭാഗവും നഴ്സറികളും അടച്ചുപൂട്ടി. തോണിക്കൽ റബർ നഴ്സറി നടത്തിക്കൊണ്ടിരുന്ന ചെമ്പന്തൊട്ടിയിലെ ജോസ് തോണിക്കൽ 40 വർഷം റബർ നഴ്സറി നടത്തിക്കൊണ്ടിരുന്ന കൃഷിക്കാരനാണ്. ഒരു വർഷം പതിനായിരത്തിനടുത്ത് തൈകൾ അദ്ദേഹത്തിന്റെ നഴ്സറിയിൽനിന്നു വിറ്റുപോയിരുന്നു.
എന്നാൽ കർഷകർ റബർ കൃഷിയെ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ നാലു വർഷമായി തോണിക്കൽ ജോസ് റബർ നഴ്സറി നിർത്തി. നഴ്സറികൊണ്ട് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. പാലായിൽനിന്നു റബർ സ്റ്റമ്പ് കൊണ്ടുവന്ന് കൂടകളാക്കിയായിരുന്നു വില്പന നടത്തിയിരുന്നത്. ഗുണമേന്മയും വിശ്വസ്തതയും ഉള്ള തൈകളായതിനാൽ ജോസിന്റെ തൈകൾക്ക് നല്ല ഡിമാൻഡും ഉണ്ടായിരുന്നു.
കൂടത്തൈകളും അതോടൊപ്പം തന്നെ കപ്പ് തൈകളും തയാറാക്കിയിരുന്നു. നഴ്സറി നിർത്തിയതോടെ കപ്പ് തൈകളുടെ കപ്പും സ്റ്റാൻഡുകളും കാടുകയറി നശിക്കുകയാണ്. ഇതോടെ റബർ നഴ്സറി നിർത്തി കുരുമുളക് കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തോണിക്കൽ ജോസ്.