കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് ക്ലിനിക്ക്
1480550
Wednesday, November 20, 2024 6:23 AM IST
കണ്ണൂര്‍ : സ്ത്രീകളിലെ സ്തനസംബന്ധമായ ആശങ്കകൾ അകറ്റാനും അസുഖങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കാനും അസുഖബാധിതരായവര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് കണ്ണൂർ ആസ്റ്റർ മിംസിൽ സമഗ്ര ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. വനിതാ സർജൻ ഡോ. അയന എം. ദേവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക് യുട്യൂബ് ഇൻഫ്ലുവൻസർ കെഎൽ ബ്രോ ആൻഡ് ഫാമിലി ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കിൽ എത്തുന്നവരുടെ എല്ലാ സ്വകാര്യതകളും ഉറപ്പു വരുത്തിക്കൊണ്ടാണ് ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തിക്കുകയെന്ന് മാനേജ്മെന്റ് അറിയിച്ചു. ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്സാമിനേഷന്, സ്തനങ്ങളിലെ വേദന വിലയിരുത്തല്‍, എഫ്എന്‍എസി ആൻഡ് കോര്‍ ബയോപ്സി, നിപ്പിളില്‍ നിന്നു പുറത്തുവരുന്ന ഡിസ്ചാർജ് വിലയിരുത്തല്‍, വയര്‍ ഗൈഡഡ് ബയോപ്സി, ഫൈബ്രോസിസ്റ്റിക് ഡിസീസ്, ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗ്, സ്തന പുനര്‍നിർമാണ സര്‍ജറികള്‍ തുടങ്ങിയവയെല്ലാം ക്ലിനിക്കിന്റെ സേവന പരിധിയിൽ വരും. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ മാസം 12 വരെ ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കുമെന്ന് ആസ്റ്റർ മിംസ് സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത് അറിയിച്ചു. ഡോ. ജിമ്മി സി. ജോൺ, ഡോ. അയന എം. ദേവ്, ഡോ. ദേവരാജ് എന്നിവർ പ്രസംഗിച്ചു.