രജത ജൂബിലി നിറവിൽ പൂപ്പറമ്പ് ഫുസ്കോ സ്കൂൾ
1481406
Saturday, November 23, 2024 6:52 AM IST
ചെമ്പേരി: ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ 25 വർഷം പിന്നിടുന്നു. വിശുദ്ധ അൽഫോൻസോ മരിയോ ഫുസ്കോയുടെ നാമധേയത്തിൽ 1999ൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സന്യാസിനി സഭയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ ആരംഭിക്കുന്നത്. പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും വളരെയേറെ മികവു പുലർത്തി വരുന്ന സ്കൂൾ ഇതിനകം മലയോരമേഖലയിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായി മാറിയിട്ടുണ്ട്.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 25ന് രാവിലെ 11ന് പൂപ്പറമ്പ് വിശുദ്ധ ഫുസ്കോ പള്ളിയിൽ നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, റവ. ഡോ. ജോസ് വടക്കേടം, ഫാ. ജോസഫ് എഴുപറയിൽ എന്നിവർ സഹകാർമികരായിരിക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മോക്ഷപാക്യം മാണിക്യം അധ്യക്ഷത വഹിക്കും. സജീവ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി, മാനേജർ സിസ്റ്റർ സെലിൻ, അഡ്മിനിസ്ട്രേറ്റർ ആനിമ്മ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെംബർ പി.വി. കമലാക്ഷി, സ്കൂൾ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി സ്റ്റീഫൻ, പിടിഎ പ്രസിഡന്റ് എം.പി. ഷിനോജ്കുമാർ എന്നിവർ പ്രസംഗിക്കും.