അനീമിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
1480553
Wednesday, November 20, 2024 6:23 AM IST
പയ്യാവൂർ: ചാമക്കാൽ എസ് എൻ യുപി സ്കൂളിൽ 'ആഹാരമാണ് ആരോഗ്യം' എന്ന മികവ് പ്രവർത്തനത്തിന്റെ ഭാഗമായി അനീമിയ നിർണയ ക്യാമ്പ് നടത്തി. മാറി വരുന്ന ആഹാര ശീലങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക, നാടൻ പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, കുട്ടികളിലെ വിളർച്ച കണ്ടെത്തി പരിഹാര പ്രവർത്തനങ്ങൾ നടത്തുക എന്നിവ ലക്ഷ്യമാക്കി ചന്ദനക്കാംപാറ പിഎച്ച്സിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനീമിയ ഉണ്ടാകാനുള്ള കാരണങ്ങളെകുറിച്ചും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എങ്ങനെയൊക്കെ പരിഹരിക്കാമെന്നതിനെക്കുറിച്ചും ചന്ദനക്കാംപാറ പിഎച്ച് സിയിലെ ആർബിഎസ്കെ നഴ്സ് സലോമി കുരുവിള ക്ലാസെടുത്തു.
മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകളെക്കുറിച്ച് ജെഎച്ച്ഐ സുനി വിശദീകരിച്ചു. സ്കൂൾ മാനേജർ പി.എം.ജയരാജ്, പിടിഎ പ്രസിഡന്റ് സീത സന്തോഷ്, മുഖ്യാധ്യാപിക എം.ഷീജ, സ്കൂൾ ലീഡർ സ്നേഹ സന്തോഷ്, എ.കെ. ആശ എന്നിവർ പ്രസംഗിച്ചു. പി.എം.രശ്മി, പി.സ്മിത, പി.കെ.ഹോളി, ബ്രിജില കെ. രാജൻ, വനജ വിജയൻ എന്നിവർ നേതൃത്വം നൽകി.