ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്ന മലയോര വിദ്യാലയം
1481801
Sunday, November 24, 2024 7:53 AM IST
ചെമ്പന്തൊട്ടി: മൂന്ന് തലമുറകൾക്ക് അറിവ് പകർന്ന് ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്ന സാംസ്കാരിക ചരിത്രമാണ് ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂളിനുള്ളത്.
മലബാർ കുടിയേറ്റത്തിന്റെ പ്രാരംഭ കാലത്ത് മധ്യതിരുവിതാംകൂറിൽ നിന്ന് ചെമ്പന്തൊട്ടിയിലെത്തിയ കർഷക സമൂഹം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ "പള്ളിക്കൊപ്പം പള്ളിക്കൂടവും' എന്ന ആശയം ഉൾക്കൊണ്ടാണ് പള്ളിയോടനുബന്ധിച്ച് ഒരു നിലത്തെഴുത്ത് കളരി തുടങ്ങിയത്. തുടർന്ന് 1954 ൽ പള്ളിവക ഷെഡിൽ ചെറുപുഷ്പം എൽപി സ്കൂൾ സ്ഥാപിതമായി. ഇത് പിന്നീട് യുപി സ്കൂളായി ഉയർത്തുകയും ചെയ്തു. ആരംഭത്തിൽ 123 വിദ്യാർഥികളും നാല് അധ്യാപകരുമായിരുന്നു. ഇന്ന് എണ്ണൂറോളം വിദ്യാർഥികളും മുപ്പതിലേറെ സ്റ്റാഫംഗങ്ങളുമുണ്ട്.
ഓരോ വർഷവും പ്രവേശനോത്സവം മുതൽ പാഠ്യ-പാഠ്യേതര മേഖലകളിൽ വിവിധ മത്സരങ്ങളും ആഘോഷങ്ങളും നടത്തു. വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനം, കൗമാരകാല സുരക്ഷ തുടങ്ങിയവ ലക്ഷ്യമാക്കി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ സ്കൂളിൽ വിദ്യാർഥികളുടെ മാനസികവും ഭൗതികവുമായ വളർച്ചക്ക് വഴിയൊരുക്കുന്ന വിവിധ പരിപാടികൾക്ക് മുൻഗണന നൽകുന്നതിനൊപ്പം പരിസ്ഥിതിദിനം, വായനാദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങൾ വ്യത്യസ്ത ചടങ്ങുകളാടെ നടത്തുന്നു.
പഠനത്തിൽ മികവ് കുറഞ്ഞ വിദ്യാർഥികൾക്കായി "ഒപ്പം' എന്ന പേരിൽ പ്രത്യേക പഠന ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. മലയാള ഭാഷാപഠനം സുഗമമാക്കാനായി പ്രൈമറി ക്ലാസുകളിൽ സചിത്ര പാഠപുസ്തക പദ്ധതിയും നടപ്പാക്കി.
എല്ലാ മാസങ്ങളിലും പ്രത്യേക പരീക്ഷകൾ നടത്തുന്നതിലൂടെ വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്താനും മാതാപിതാക്കൾക്ക് അവസരം ലഭിക്കുന്നു. കലാ, കായിക, ശാസ്ത്രമേളകളിൽ ഉപജില്ലാ, ജില്ലാ തലങ്ങളിൽ എല്ലാവർഷവും വിവിധയിനങ്ങളിൽ മികച്ച വിജയങ്ങളാണ് സ്വന്തമാക്കുന്നത്.
പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ സ്കൂൾ വളപ്പിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം ശ്രദ്ധേയവും മാതൃകാപരവുമാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ നൽകുന്ന ഇൻസ്പയർ അവാർഡിന് ഏഴാം ക്ലാസ് വിദ്യാർഥി അശോക് ബാസ്റ്റിൻ സോയി അർഹനായിട്ടുണ്ട്. ടോപ് സിംഗർ ഫെയിം ഗായകൻ കേദാർനാഥും സഹോദരിയും ഗായികയുമായ കാർത്തികയും ചെമ്പന്തൊട്ടി ചെറുപുഷ്പം സ്കൂളിന്റെ അഭിമാനതാരങ്ങളാണ്.