നോർത്ത് മലബാർ ട്രാവൽ ബസാറിന് 23ന് കണ്ണൂരിൽ തുടക്കം
1481048
Friday, November 22, 2024 5:26 AM IST
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റേയും നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റേയും (നോംടോ) സംയുക്താഭിമുഖ്യത്തിൽ 23, 24 തീയതികളിൽ കണ്ണൂരിൽ രണ്ടാമത് നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിക്കും. ചേംബർ ഹാളിൽ 23ന് രാവിലെ 9.30 ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള 200 ഓളം ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെ 80 ടൂറിസം സംരംഭകരും പരിപാടിയിൽ പങ്കെടുക്കും.
ട്രാവൽ ബസാറിൽ സജ്ജീകരിക്കുന്ന ടൂറിസം സ്റ്റാളുകൾ സന്ദർശിച്ച് പരസ്പരം സംവദിക്കാനുള്ള അവസരമാണ് ബി ടു ബി മീറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 24ന് പൊതുജനങ്ങൾക്ക് സൗജന്യമായി സ്റ്റാളുകൾ സന്ദർശിക്കാനുള്ള അവസരമുണ്ട്.
ലോക ടൂറിസം ഭൂപടത്തിൽ ഉത്തരമലബാറിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയാളപ്പെടുത്തുക, അവരെ സംഘടിതരാക്കുക, സർക്കാരിൽനിന്ന് അർഹിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുക, ഉത്തര മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നീ ലക്ഷ്യത്തോടെ യാണ് നോംടോ രൂപീകരിച്ചത്.
ട്രാവൽ ബസാറിനോടനുബന്ധിച്ച് പ്രസന്റേഷനും സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും. 23 ന് വൈകുന്നേരം ആറിന് കൃഷ്ണ ബീച്ച് റിസോർട്ടിൽ കലാസാംസ്കാരിക പരിപാടി ഒരുക്കും.
ഉത്തരമലബാറിലെ തനതുകലകളായ കോൽക്കളി, ദഫ്മുട്ട്, പൂരക്കളി, തിരുവാതിര, മോഹിനിയാട്ടം തെയ്യം അവതരണം എന്നിവ ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ടി.കെ. രമേഷ് കുമാർ, കെ.കെ. പ്രദീപ്, സി. അനിൽ കുമാർ, പി. മുകുന്ദൻ എന്നിവർ പങ്കെടുത്തു.