ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കണ്ണൂർ കയാക്കത്തോൺ നാളെ
1481418
Saturday, November 23, 2024 6:53 AM IST
കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് "കണ്ണൂർ കയാക്കത്തോൺ 2024' നവംബർ നാളെ നടക്കും. പറശിനിക്കടവ് ബോട്ട് ടെർമിനലിൽനിന്ന് രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം രാവിലെ 10 ഓടെ അഴീക്കൽ ബോട്ട് ടെർമിനലിൽ അവസാനിക്കും. 11 കിലോമീറ്റർ ദൂരത്തിലാണ് മത്സരം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള മത്സരാർഥി കളും ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. സിംഗിൾ, ഡബിൾ കയാക്കുകൾ മത്സരത്തിലുണ്ടാകും.
സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വിഭാഗങ്ങളിലായി പ്രത്യേക മത്സരം നടത്തും. ഡബിൾ കയാക്കുകളിൽ പുരുഷന്മാരുടെ ടീം, സ്ത്രീകളുടെ ടീം, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ പ്രത്യേക മത്സരം ഉണ്ടാകും.
ഗ്രൂപ്പ് മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യാഥാക്രമം 50,000, 25,000, 10000 രൂപ സമ്മാനമായി നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സര വിജയിക്ക് 25000, 15,000, 5000 രൂപയും ലഭിക്കും.
മത്സരാർഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് വിവിധ കരകളിൽ ആംബുലൻസ്, ബോട്ടുകളിൽ മെഡിക്കൽ ടീം, കുടിവെള്ളം, സ്കൂബാ ടീം എന്നിവ ഉറപ്പാക്കും. കൂടാതെ ആവശ്യ മായ കുടിവെള്ളവും റിഫ്രഷ്മെന്റുകളും കയാക്കുകളിൽ നൽകും.
ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായിരിക്കും കയാക്കിംഗ് നല്കുക. നിരവധി തുരുത്തുകൾ, വളപട്ടണം റെയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികൾ, ചെറുതോണികളിൽ നിന്നുള്ള മീൻ പിടിത്തം, കണ്ടൽക്കാടുകൾ അങ്ങനെ പലവിധ കാഴ്ചകളാണ് പറശിനി മുതൽ അഴീക്കൽ വരെയുള്ള കയാക്കിംഗിലൂടെ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുക.
2022ൽ തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിന്റെ രണ്ടാം എഡിഷൻ ആണ് ഈ വർഷം നടക്കുന്നത്.