നടുവിൽ സഹകരണ ബാങ്ക് യോഗത്തിൽ സംഘർഷം
1480554
Wednesday, November 20, 2024 6:23 AM IST
നടുവിൽ: നടുവിൽ സർവീസ് സഹകരണ ബാങ്കിന്റെ ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ യുഡിഎഫ് കക്ഷികൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ ഐ ഗ്രൂപ്പ് പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
തുടർന്ന് യോഗം നടപടികൾ പൂർത്തിയാക്കാതെ പിരിയുകയായിരുന്നു. യോഗം നടത്തുന്ന ഹാളിന് സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് പറയുന്നു. കഴിഞ്ഞവർഷം നടന്ന ബാങ്ക് തെരഞ്ഞെടുപ്പിലും എ ഗ്രൂപ്പും മുസ്ലിം ലീഗും ഒരുപക്ഷത്തും മറുവശത്ത് ബേബി ഓടമ്പള്ളിയുടെ നേതൃത്വത്തിലുമായിരുന്നു മത്സരം. പഞ്ചായത്തിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ഉള്ള അസാരസ്യങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. പൊതുയോഗത്തിന്റെ തലേദിവസം ബേബിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേരുകയും ബാങ്ക് പൊതുയോഗം അലങ്കോലപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുത്തതായും മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു.
വിളക്കന്നൂര് ലാറ്റക്സ് ഭൂമി ഏറ്റെടുക്കാൻ കഴിയുമോ എന്ന് ജില്ലാ എആർ ഭരണസമിതി അംഗങ്ങളോട് ചോദിക്കുകയും ഇതിന്റെ പേരിൽ ബാങ്കിൽ അനൗദ്യോഗിക ചർച്ച നടന്നതല്ലാതെ തുടർനടപടി സ്വീകരിച്ചിട്ടില്ല എന്നും ഭരണസമിതി അംഗങ്ങൾ പറയുന്നു. എന്നാൽ ബേബിയുടെ പക്ഷം ഇതിന്റെ പേരിൽ വലിയ അഴിമതി നടന്നുവെന്നും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ നടത്തിയെന്നുമാണ് ആരോപിക്കുന്നത്. ബഹളത്തിൽ കോൺഗ്രസ് നടുവിൽ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അലക്സ് ചുനയംമ്മാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി എന്നിവർക്ക് പരിക്കേറ്റതായും പറയുന്നു.