പുലിയും മലയിറങ്ങി; പടന്നയിലും പിലിക്കോട്ടും ജാഗ്രതാനിർദേശം
1480545
Wednesday, November 20, 2024 6:23 AM IST
പിലിക്കോട്: ജില്ലയിൽ കാട്ടുപന്നിക്ക് പിന്നാലെ പുലിയും മലയിറങ്ങി. ദേശീയപാത ഉൾക്കൊള്ളുന്ന പിലിക്കോട് പഞ്ചായത്തിലും തീരദേശ പഞ്ചായത്തായ പടന്നയിലും പുലിയെ കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് വനംവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രതാനിർദേശം നല്കി.
ഇന്നലെ പുലർച്ചെ നാലോടെ പടന്ന റഹ്മാനിയ മദ്രസയ്ക്ക് സമീപമാണ് പുലിയെ ആദ്യം കണ്ടതായി പറയുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ മടങ്ങുകയായിരുന്ന രണ്ട് യുവാക്കളാണ് റോഡരികിൽനിന്ന് പുലി മതിൽ ചാടിക്കടന്ന് പഴയ മദ്രസ കെട്ടിടത്തിനടുത്തുള്ള കാടുമൂടിയ ഭാഗത്തേക്ക് പോകുന്നതായി കണ്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സമീപത്തെ വി.പി. അസീസിന്റെ വീട്ടിലെ കാമറ പരിശോധിച്ചപ്പോൾ പുലി മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
പിലിക്കോട് മാങ്കടവത്ത് കൊവ്വലിൽ ഇന്നലെ രാവിലെ ഒമ്പതരയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് പുലിയെ കണ്ടത്. പിലിക്കോട് ഗവ. വെൽഫെയർ യുപി സ്കൂളിനു സമീപം വയലിനോട് ചേർന്നുള്ള ഭാഗത്ത് ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണൽ ബണ്ട് നിർമിക്കുന്നതിനിടയിലാണ് തൊഴിലാളികൾ പുലിയെ കണ്ടത്. ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. രാജുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം രണ്ടിടങ്ങളിലുമെത്തി പരിശോധന നടത്തി.
പുലിയുടേതെന്ന് സംശയിക്കാവുന്ന കാൽപ്പാടുകളാണ് മാങ്കടവത്ത് കൊവ്വലിൽ കണ്ടെത്തിയതെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് വനം വകുപ്പിന്റെ ആർആർടി സംഘത്തെ എത്തിച്ച് രണ്ടിടങ്ങളിലെയും കുറ്റിക്കാടുകളും പുൽപ്പടർപ്പുകളിലും തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും റവന്യു, പോലീസ് അധികൃതരും സ്ഥലത്തെത്തി. പിലിക്കോട് പഞ്ചായത്തിലെ രണ്ടിടങ്ങളിൽ വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
വൈകുന്നേരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ് മാങ്കടവത്ത് കൊവ്വലിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വനം വകുപ്പിന്റെ നേതൃത്വത്തിൽ പിലിക്കോട്ടും പടന്നയിലും രാത്രികാല നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പിലിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി മൈക്ക് അനൗൺസ്മെന്റ് നടത്തി. ആരും രാത്രികാലങ്ങളിൽ ഒറ്റയ്ക്കിറങ്ങരുതെന്നും കുട്ടികളെയും വളർത്തുമൃഗങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്കി.
പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടാൽ 9495145474, 9961173222 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.