എൻസിസി കേഡറ്റുകൾ കടൽത്തീരത്തുനിന്ന് എട്ടു ക്വിന്റൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി
1480863
Thursday, November 21, 2024 7:36 AM IST
കണ്ണൂർ: സമുദ്രതീരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ 31 ബറ്റാലിയൻ എൻസിസി പുനീത് സാഗർ അഭിയാന്റെ ഭാഗമായി കടൽത്തീരത്തു നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവ ശുചീകരിച്ചു. അഞ്ഞൂറോളം കേഡറ്റുകൾ രണ്ടു മണിക്കൂർ സമയം കൊണ്ട് എട്ട് ക്വിൻറൽ മാലിന്യങ്ങളാണ് ശേഖരിച്ചത്. വിനോദ സഞ്ചാരികൾ കടൽത്തീരത്ത് നിക്ഷേപിക്കുന്നതും നഗരങ്ങളിൽ നിന്ന് പുഴകളിലൂടെ ഒഴുകി കടലിലെത്തി തീരത്തടിഞ്ഞതുമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിച്ച മീൻപിടുത്ത വലകളുമാണ് കഡാറ്റുകൾ ശ്രമദാനത്തിലൂടെ തീരത്ത് നിന്ന് മാറ്റിയത്. മത്സ്യങ്ങളുടെയും കടലാമകൾ ഉൾപ്പെടെയുള്ള കടലിലെ മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവ സ്ഥയുടെയും സംരക്ഷണത്തിന് സമുദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയും പദ്ധതിയിലൂടെ എൻസിസി ലക്ഷ്യമിടുന്നു. കടൽത്തീര സംരക്ഷണ പ്രതിജ്ഞയും എടുത്തു.
കണ്ണൂർ എസ്എൻ കോളജ്, തോട്ടട ഗവ. പോളിടെക്നിക്, ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ, അഴീക്കോട് സ്കൂൾ, ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എൻസിസി കാഡറ്റുകളാണ് ബീച്ച് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.
പയ്യാമ്പലം ബീച്ചിൽ കമാൻഡിംഗ് ഓഫീസർ കേണൽ എ.എസ്. ബാലി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ടേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ മുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. സുബേദാർ മേജർ ഹോണററി ലഫ്റ്റനന്റ് വി. വെങ്കിടേശ്വർലു, ബറ്റാലിയൻ ഹവിൽദാർ മേജർമാരായ എസ്. സുനിൽകുമാർ, റൂബിൻ സുനവർ, എൻസിസി ഓഫീസർമാരായ ലഫ്റ്റനന്റ് പി.സി. സുനീഷ്തേർഡ് ഓഫീസർമാരായ പി.വി. സുന, കെ.എം. രഷ്മി എന്നിവർ പ്രസംഗിച്ചു.