മന്ത്രി, അങ്ങ് അറിയാതെ പോകരുത്...
1481410
Saturday, November 23, 2024 6:52 AM IST
ഇരിട്ടി: ഫണ്ടില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ആറളം ഫാം സന്ദർശിക്കാൻ മന്ത്രി ഒ.ആർ. കേളു ഇന്നെത്തും. ഫാം ഹയർ സെക്കൻഡറി ഹാളിൽ നടക്കുന്ന ഐആർസിപി ഉണർവ് പ്രോഗ്രാം മന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉദ്യോഗസ്ഥരുമായി ഫാം, പുനരധിവാസ മേഖല എന്നിവയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളെകുറിച്ചുള്ള ഉന്നതതല ചർച്ചയ്ക്ക് നേതൃത്വം നല്കും.
കാട് കയറുന്ന പദ്ധതികൾ
പുനരധിവാസ മേഖലയിൽ വിവിധ വകുപ്പുകൾക്കായി നിർമാണം പൂർത്തിയാക്കിയ നിരവധി കെട്ടിടങ്ങളാണ് ഇനിയും പദ്ധതിക്ക് കൈമാറാതെ കാടുപിടിച്ചു കിടക്കുന്നത്. 20 കോടിയോളം രൂപ മുതൽമുടക്കി നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിടുന്ന എംആർഎസ് സ്കൂൾ കെട്ടിടം, ഹയർ സെക്കൻഡറി ബ്ലോക്കിന്റെ പുതിയ കെട്ടിടം, വിവിധ ബ്ലോക്കുകളിലായി നിർമാണം പൂർത്തിയാക്കിയ എൽപി, യുപി സ്കൂൾ കെട്ടിടങ്ങൾ, മൃഗാശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ആശുപത്രി കെട്ടിടങ്ങൾ തുടങ്ങി ഏകദേശം 80 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടങ്ങളാണ് ഇനിയും വകുപ്പുകൾക്ക് കൈമാറാതെ കാട് കയറുന്നത്.
ശമ്പളമില്ലാതെ ഫാമിലെ
തൊഴിലാളികൾ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഷിക ഫാം ആയിരുന്നു ആറളം ഫാമിന് ഇന്ന് നഷ്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. കൃഷി നശിച്ചതോടെ വരുമാനമില്ലാതെ തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്.
അഞ്ചുമാസത്തെ ശമ്പള കുളിശിക ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും മുടങ്ങിയ നിലയിലാണ്. പിരിഞ്ഞുപോകുന്ന തൊഴിലാളികളുടെ പിഎഫ് അടക്കം നല്കാൻ കഴിയാത്ത സാഹചര്യമാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചവകയിൽ വനം വകുപ്പ് ഫാമിന് നല്കാനുള്ളത് 87 കോടിയിലധികമാണ്.
കാട്ടാനകളുടെ വിഹാര കേന്ദ്രം
കാർഷികവിളകളാൽ സമൃദ്ധമായ ആറളം ഫാമിനെ ഇന്നീ അവസ്ഥയിൽ എത്തിച്ചതിൽ പ്രധാന പങ്ക് കാട്ടാനകൾക്കുമുണ്ട്. ഫാമിലെ സ്ഥിര വരുമാന മാർഗങ്ങളായ തെങ്ങ്, കമുക്, കശുമാവ്, റബർ തുടങ്ങിയ എല്ലാ വിളകളും ആനകൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ആറളം ഫാമിലെ 4000 ത്തോളം റബർ മരങ്ങളുടെ തൊലികളാണ് കാട്ടാന കുത്തി പൊളിച്ച് നശിപ്പിച്ചത്. ആനയ്ക്ക് പുറമേ കുരങ്ങ്, കാട്ടുപന്നി, മയിൽ, മാൻ തുടങ്ങിയവയും കൃഷിക്ക് ഭീഷണിയാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയാതെ ഫാമിനെ ലാഭത്തിലേക്ക് എത്തിക്കാൻ കഴിയില്ല എന്നാണ് തൊഴിലാളികളും മാനേജ്മെന്റും പറയുന്നത്.
പുനരധിവാസ മേഖലയെയും ആറളം ഫാമിനെയും വന്യമൃഗ ശല്യത്തിൽ നിന്നു സംരക്ഷിക്കുന്നതി നായി നിർമിക്കുന്ന ആനമതിലിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. 53 കോടി രൂപ ചെലവിൽ 10.30 കിലോമീറ്റർ ദൂരമാണ് ആന മതിലിന്റെ നിർമാണം. 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി നിർമാണ കാലാവധി കഴിഞ്ഞിട്ടും പകുതി ദൂരം മാത്രമാണ് പൂർത്തിയായത്. വന്യജീവികളുടെ ആക്രമണത്തിൽ മേഖലയിൽ മാത്രം പൊലിഞ്ഞത് 14 ജീവനുകളാണ്.