ആനപ്പന്തി പാലം; പുഴയ്ക്ക് കുറുകെയുള്ള സമാന്തര റോഡിനെതിരേ പ്രതിഷേധം
1481411
Saturday, November 23, 2024 6:52 AM IST
ഇരിട്ടി: മലയോര ഹൈവേയിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന വള്ളിത്തോട് മണത്തണ റീച്ചിൽ ആനപ്പന്തി പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പുഴയ്ക്കു കുറുകെ മണ്ണിട്ട് നികത്തി സമാന്തര പാതയുണ്ടാക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. പുഴയുടെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ പൈപ്പുകൾ സ്ഥാപിച്ച് ചാക്കുകളിൽ മണലോ മണ്ണോ നിറച്ച് പൈപ്പുകൾ ഉറപ്പിച്ചു നിർത്തിയശേഷം ഇതിനു മുകളിൽ മണ്ണിട്ടാണ് ഇത്തരം താത്കാലിക പാതകൾ നിർമിക്കാറ്. എന്നാൽ, ഇവിടെ പൈപ്പുകൾക്കു മുകളിൽ നേരിട്ട് മണ്ണിടുകയാണ്. ഇതു കാരണം പുഴ വെള്ളം ചെളിമയമായി മാറിയിരിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥരും സ്ഥലത്തില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളാണ് പ്രവൃത്തികൾ ചെയ്യുന്നത്. നിരവധി ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളമാണ് അശ്രദ്ധമായ പണിയിലൂടെ വൃത്തികേടാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇതേ റീച്ചിൽ വെമ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ സമാന്തര റോഡ് കനത്ത മഴയിൽ രണ്ടു തവണ ഒഴുകിപോയിരുന്നു. റോഡ് ഒഴുകിപ്പോയപ്പോൾ റോഡിൽ നിക്ഷേപിച്ചിരുന്ന മണ്ണും കല്ലുകളും വെമ്പുഴയിൽ അടിഞ്ഞുകൂടി അടുത്ത മഴക്കാലത്ത് പുഴ കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ്. അതേ സാഹചര്യം തന്നെയാണ് ആനപ്പന്തിയിലുമെന്ന് പ്രദേശവാസികൾ പറഞ്ഞു. വെമ്പുഴ പാലത്തിനു തൊട്ടുതാഴെ കുടിവെള്ള സ്രോതസിനായി നിർമിച്ച തടയണ ഉൾപ്പെടെ മണ്ണും കല്ലും നിറഞ്ഞ് ഉപയോഗ ശൂന്യമാണ്.