ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം
1481806
Sunday, November 24, 2024 7:53 AM IST
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖല ഉൾപ്പെടെ ഇഴഞ്ഞു നീങ്ങുന്ന പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ആറളം ഫാമിന്റെയും പുനരധിവാസ മേഖലയുടെയും നിലനിൽപ്പുതന്നെ തീരുമാനിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കാനുള്ള കർശന നിർദേശമാണ് യോഗത്തിലെ പ്രധാന തീരുമാനം.
ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആനമതിലുമായി ബന്ധപ്പെട്ട് നാലു കിലോമീറ്ററോളം ദൂരത്തിൽ ഇനിയും 183 മരങ്ങൾ മുറിച്ചു നീക്കാത്തത് നിർമാണത്തിന് തടസമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പരിഹാര വനവത്കരണം സംബന്ധിച്ചുള്ള എംഒയു സോഷ്യൽ ഫോറസ്ട്രി എസിഎഫും ടിആർഡിഎം പ്രോജക്ട് ഓഫിസറും സബ് കളക്ടറും ഒരാഴ്ചയ്ക്കുള്ളിൽ ഒപ്പു വയ്ക്കണം.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സോഷ്യൽ ഫോറസ്ട്രി അനുമതി നൽകണം. തുടർന്ന് പെട്ടന്ന് മരം മുറിച്ചു വില്പന നടത്തുന്നതിനുള്ള ലേലം നൽകണം. കരാറുകാരൻ ആനമതിൽ നിർമാണത്തിനു അഞ്ചുമാസം അധിക സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
പുനരധിവാസ മേഖലയിൽ നബാർഡ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ ഉടൻ കൈമാറാനും നിർദേശം. അങ്കണവാടികൾക്കായി നിർമിച്ച കെട്ടിടങ്ങളിൽ ഒന്നും കുടുംബശ്രീക്കും സിവിൽ സപ്ലൈസ് വകുപ്പിനായി നിർമിച്ച കെട്ടിടങ്ങളിൽ ഒന്ന് ഫാമിംഗ് കോർപറേഷൻ കേരള ലിമിറ്റഡിന്റെ ഓഫിസ് ആവശ്യങ്ങൾക്കും വിട്ടുനൽകും.
അവശേഷിച്ച കെട്ടിടങ്ങൾ അതതു വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാർ ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള കത്ത് ഡിസംബർ 31 നുള്ളിൽ എസ്ടി ഡയറക്ടർക്ക് നൽകണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട സമുഛയത്തിൽ കാർഷിക സർവകലാശാലയുടെയും വെറ്ററിനറി സർവകലാശാലയുടെയും റീജണൽ കേന്ദ്രങ്ങളും ട്രൈബൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇവയുടെ ഡയറക്ടർമാർ എസ്ടി ഡയറക്ടർക്ക് ശിപാർശ നൽകണം.
ആറളം ഫാമിന്റെ സമഗ്ര വികസനം ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകും. കൃഷി വ്യാപനവും പുനർ കൃഷിയും നടപ്പാക്കണം. സംരംഭക പങ്കാളിത്ത കൃഷി പദ്ധതി വിശദാംശങ്ങളും ആദിവാസി വിഭാഗത്തിൽ പെട്ടവർക്കു തൊഴിൽ ഉറപ്പാക്കുന്നതും ഫാം ബ്ലോക്ക് അഞ്ചിൽ പാഴ്മരങ്ങളുടെ വില്പന ലേലത്തിന്റെ മറവിൽ നടന്ന അനധികൃത മരംമറി നടന്നതായ പരാതികളും ചർച്ച ചെയ്തു.