കത്തോലിക്ക കോൺഗ്രസ് പ്രതിഷേധാഗ്നി; കർഷക റാലിയും പൊതുസമ്മേളനവും 25ന്
1480867
Thursday, November 21, 2024 7:36 AM IST
ആലക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികളിലും മലയോര ജനതയോടുള്ള അവഗണനയിലും പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധാഗ്നി എന്ന പേരിൽ പൊതുസമ്മേളനവും കർഷക റാലിയും നടത്തുന്നു. എകെസിസി ആലക്കോട് മേഖലയുടെ നേതൃത്വത്തിൽ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആലക്കോട് ടൗണിലാണ് പൊതുസമ്മേളനവും കർഷക റാലിയും നടത്തുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇഎസ്എ വിഷയത്തിൽ ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഒഴിവാക്കുക, വനാതിർത്തിയിൽ കഴിയുന്ന കർഷകർക്ക് സ്വത്തിനും ജീവനും സംരക്ഷണം നൽകുക, 400 കെവി ലൈൻ കടന്നുപോകുന്ന കൃഷിഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക, റബർ, നാളികേരം പോലുള്ള നാണ്യവിളകൾക്ക് ന്യായവില ഉറപ്പുവരുത്തുക, ജസ്റ്റീസ് കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, മുനമ്പം വിഷയം പരിഹരിക്കുക, മലയോര മേഖലയിൽ തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പൊതുസമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പൊന്നൂര്, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജിമ്മി ആയിത്തമറ്റം, ടോണി ജോസഫ് പുഞ്ചക്കുന്നേൽ എന്നിവർ പങ്കെടുക്കും.
കത്തോലിക്ക കോൺഗ്രസ് പ്രതിഷേധാഗ്നിയുടെ ഭാഗമായി 22 ന് ആലക്കോട് ഫൊറോനയുടെ കീഴിലുള്ള എല്ലാ ഇടവകകളിലൂടെയും വാഹനജാഥ നടത്തും. രാവിലെ 9.30ന് ഒറ്റത്തൈയിൽനിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം 5.30ന് കാർത്തികപുരത്ത് സമാപിക്കും. പത്രസമ്മേളനത്തിൽ ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര്, ഫാ. ജിബിൻ വട്ടംകാട്ടേൽ, ബേബി കോയിക്കൽ, ബേബി മുണ്ടയ്ക്കൽ, സിബിച്ചൻ കളപ്പുര, ടോമി കണയാങ്കൽ എന്നിവർ പങ്കെടുത്തു.