യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
1481417
Saturday, November 23, 2024 6:53 AM IST
കണ്ണൂർ:ആയിക്കരയിൽനിന്ന് മത്സ്യം പിടിക്കാനായി പോയി വള്ളത്തിന്റെ യന്ത്രത്തകരാറിനെ തുടർന്ന് ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി തിരിച്ചെത്തി. തങ്ങൾക്ക് രക്ഷകരായെത്തിയത് മീൻ പിടിത്തത്തിൽ ഏർപ്പെട്ട ഒരു ബോട്ടിലെ ജീവനക്കാരാണെന്ന് തൊഴിലാളികൾ പറഞ്ഞു.
ഇക്കഴിഞ്ഞ 17ന് ആയിക്കരയിൽനിന്ന് ഒഴുക്കുവലയുമായി അയക്കൂറ പിടിക്കാനായി സഫ മോൾ എന്ന് ഫൈബർ വള്ളത്തിൽ പോയ തൊഴിലാളികളാണ് കടലിൽ കുടുങ്ങിയത്. എൻജിൻ പ്രവർത്തിപ്പിച്ചിരുന്ന മുജീബ് (43) എന്ന തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഇതിനിടെ എൻജിൻ പ്രവർത്തന രഹിതമാകുകയും ചെയ്തു. ഇതോടെ വള്ളം ഉൾക്കടലിൽ ഒഴുകി നടക്കുകയായിരുന്നു.
മുജീബിനെ കൂടാതെ കുര്യാക്കോസ് (60), തിരുവനന്തപുരം സ്വദേശി വർഗീസ് (65), ഒഡിഷ സ്വദേശി ശംഭു എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. യന്ത്രത്തകരാർ കാരണം തങ്ങൾ ഒഴുകി നടക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും തൊഴിലാളികൾ വയർലെസ് വഴി ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പോലീസ് എന്നിവരെ അറിയിച്ചെങ്കിലും പിന്നീട് ഇവരെ ബന്ധപ്പെടാനായില്ല.
കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ കടലിൽ ഒഴുകി നടക്കുന്ന വള്ളം ശ്രദ്ധയിൽപ്പെട്ട ഒരു ബോട്ടിലെ ജീവനക്കാർ യന്ത്രം ശരിയാക്കി കൊടുത്തതോടെയാണ് ഇവർക്ക് കരയിൽ തിരിച്ചെത്താനുള്ള സാഹചര്യം ഒരുങ്ങിയത്.