റബർ വിലയിലെ ചാഞ്ചാട്ടം; ചെറുകിട വ്യാപാരികളുടെ ഭാവിയും തുലാസിൽ
1480866
Thursday, November 21, 2024 7:36 AM IST
പെരുമ്പടവ്: റബർ ഷീറ്റിനും അനുബന്ധസാധനങ്ങൾക്കും വില സ്ഥിരതയില്ലാത്തത് ചെറുകിട റബർ വ്യപാരികളെയും പ്രതിസന്ധിയിലാക്കുന്നു. ദിവസങ്ങൾക്കു മുമ്പ് കിലോയ്ക്ക് 247 രൂപ വന്ന റബർ ഷീറ്റ് 176 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഒപ്പം ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്കും അനിയന്ത്രിതമായി വിലകുറഞ്ഞു.
ഇതോടെ, നിരവധി ചെറുകിട വ്യാപാരികളാണ് പ്രതിസന്ധിയിലായത്. ഭൂരിഭാഗം ഇടത്തരം വ്യാപാരികളും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വ്യാപാരം നടത്തുന്നത്. വില കുത്തനെ ഇടിഞ്ഞപ്പോൾ വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് ഓരോ വ്യാപാരിക്കുമുണ്ടായത്.
പലർക്കും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത ലോണുകൾ ഉൾപ്പെടെ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി കാര്യങ്ങൾ. ഈ മേഖലയിൽനിന്നും നിരവധി ചെറുകിട വ്യാപാരികൾ ഇപ്പോൾ വിട്ടുനിൽക്കുകയാണ്.
ഇതിനും പുറമെയാണ് ജിഎസ്ടിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത്. പല വ്യാപാരികളും വ്യാപാരം തുടങ്ങി പോയതിനാൽ നിർത്താൻ പറ്റാത്ത അവസ്ഥയിൽ തുടരുകയാണ്. ഇതിനിടയിൽ കയറ്റുകൂലി, വാഹനവാടക എന്നിവ വലിയതോതിൽ വർധിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ വാടകയും വൈദ്യുതി ചാർജ് ഉൾപ്പെടെയും വർധിച്ചിട്ടുണ്ട്.
ചെറുകിട കച്ചവടക്കാർ നിലംപരിശായി
തോമസ് ഒഴുകയിൽ (ചെറുകിട വ്യാപാരി)
വ്യവസായികൾക്ക് കൊഴുത്തു വളരാൻ റബർ കർഷകരേയും ചെറുകിട കച്ചവടക്കാരെയും വഞ്ചിക്കുന്ന സമീപനവുമായ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നീങ്ങുകയാണ്. അനിയന്ത്രിതമായ ഇറക്കുമതിയും ബ്ലോക്ക് റബറിന് ഇറക്കുമതിച്ചുങ്കം ഒഴിവാക്കിക്കൊടുത്തും ഈ മേഖല തകർത്തിരിക്കുകയാണ്.
മാർക്കറ്റ് വിലയേക്കാൾ ഒരു രൂപ വ്യത്യാസത്തിൽ കർഷകരിൽനിന്ന് റബർ വാങ്ങുന്ന വ്യാപാരി 39 പൈസ കയറ്റുകൂലിയും വാടക, കറന്റ് ബില്ല് , അക്കൗണ്ടന്റിന്റെ ശമ്പളം, ഓഡിറ്റ് ഫീസ് ഇവയെല്ലാം മുടക്കുന്നു. ഇടയ്ക്കിടെ മാർക്കറ്റിലുണ്ടാകുന്ന വിലസ്ഥിരതയില്ലായ്മ വ്യാപാരികളെ തകർത്തിരിക്കുകയാണ്. റബർ വിലയിൽ ഏറ്റക്കുറച്ചിലുകൾ കാരണം ഏകദേശം 6000 ചെറുകിട കച്ചവടക്കാർ നിലംപരിശായി.