മുനമ്പം ഭൂമി പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
1480547
Wednesday, November 20, 2024 6:23 AM IST
കണ്ണൂർ: മുനമ്പം ജനത പണം നൽകി രേഖകളോടെ താമസിച്ചു വരുന്നിടത്തുനിന്ന് ഒഴിയണമെന്ന് പറയുന്നത് നീതികേടും നെറികേടുമാണെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല.
കണ്ണൂർ രൂപത കെഎൽസിഎയുടെ ആഭിമുഖ്യത്തിൽ കാൾടെക്സ് ജംഗ്ഷനിലെ മഹാത്മാ സർക്കിളിൽ നടത്തിയ നീതിജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരന്നു ബിഷപ് ഡോ. അലക്സ് വടക്കുംതല. അനീതിയും അസമത്വവും നടമാടുന്ന കാലമാണിത്. അതിന്റെ ഭാഗമായി ഒരുകൂട്ടർക്ക് കുടിയിറങ്ങേണ്ടിവരുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇവിടെ തത്സ്ഥിതി നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കണം. തീരദേശവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനു ഭരണകൂടങ്ങൾ ഇടപെട്ട് നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിച്ച് ശാശ്വതമായ പരിഹാരം കാണാൻ കഴിയണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമല്ലെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യപ്രഭാഷണത്തിൽ പഞ്ഞു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരം. മാനുഷിക മൂല്യങ്ങൾ നിലനിർത്തികൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. ഇതിന്റെ ശുഭ സൂചനയാണ് മുസ്ലിം നേതാക്കളുടെ ഇടപെടലുകൾ എന്നാണ് മനസിലാകുന്നത്. സർക്കാർ അടുത്ത ദിവസം നടത്തുന്ന ചർച്ചയിൽ പ്രശ്നത്തിന് പരിഹാരം കണ്ട് ഉത്തരവ് ഇറക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
പ്രതിഷേധ ജ്വാലയ്ക്ക് കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ ആമുഖഭാഷണത്തിനും പ്രാർഥനയ്ക്കും നേതൃത്വം നൽകി. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫൊറോന വികാരി ഫാ. ജോയ് പൈനാടത്ത്, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ഷിബു ഫെർണാണ്ടസ്, സിസ്റ്റർ ജാൻസി എസി, സിസ്റ്റർ അർച്ചന യുഎംഐ, സിസ്റ്റർ ലീന, കെ.എച്ച്. ജോൺ, ക്രിസ്റ്റഫർ കല്ലറക്കൽ, എലിസബത്ത് കുന്നോത്ത് , ജോയ്സി മേനേസാസ് , റീജ സ്റ്റീഫൻ, ലെസ്ലി ഫെർണാണ്ടസ് , ജോൺസൺ ഫെർണാണ്ടസ്, പീറ്റർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.