ദേശീയപാത നിർമാണ കാലാവധിക്ക് ഇനിയുള്ളത് ആറു മാസം മാത്രം; പണി ഇഴയുന്നു
1480870
Thursday, November 21, 2024 7:36 AM IST
കണ്ണൂർ: ദേശീയ പാത നിർമാണം പൂർത്തിയാക്കുന്നതിന് ആറുമാസം മാത്രമാണ് മുന്നിലുള്ളത്. കണ്ണൂർ,കാസർഗോഡ് ജില്ലകൾ ഉൾപ്പെട്ട മൂന്ന് റീച്ചുകളിലും നിർമാണം നടക്കുന്നുണ്ടെങ്കിലും വേഗം പോരായെന്ന ആക്ഷേപം ശക്തമാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്സ് സൊസൈറ്റിയാണ് തലപ്പാടി-ചെങ്കള ഭാഗത്തെ 39 കിലോമീറ്ററിലെ പണികൾ നടത്തുന്നത്. ഇതിന്റെ 80 ശതമാനത്തിലധികം നിർമാണങ്ങൾ പൂർത്തിയായതായി ദേശീയപാത അധിക്യതർ പറഞ്ഞു.
ആകെ 147 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് 2021 നവംബറിലാണ് നിർമാണം തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനം പണിയെ കാര്യമായി ബാധിച്ചു. കാലാവധി അവസാനിച്ചതിനെതുടർന്ന് പുതുക്കി അടുത്ത മാർച്ച് വരെ നൽകിയിരിക്കുകയാണ്. എന്നാൽ ഇക്കാലയളവിൽ നിർമാണം പൂർത്തിയാക്കുന്നതിന് കഴിയുമോ എന്നകാര്യത്തിൽ ഒരു ഉറപ്പുമില്ല.
ചെങ്കള-തളിപ്പറന്പ് 78 കിലോമീറ്ററിന്റെ നിർമാണം 60 ശതമാനത്തിൽ എത്തി. മേഘ എൻജിനിയറിംഗിനാണ് നിർമാണ ചുമതല. തളിപ്പറന്പ്-മുഴപ്പിലങ്ങാട് ഭാഗത്തിന്റെ 65 ശതമാനത്തിലധികം നിർമാണം നടന്നു കഴിഞ്ഞുവെന്നതാണ് അവകാശവാദം. 30 കിലോമീറ്ററാണ് ദൂരം ഉള്ളത്. ഇതിന്റെ നിർമാണത്തിന് കരാർ എടുത്തിരിക്കുന്നത് വിശ്വസമുദ്ര എൻജിനിയറിംഗാണ്.
മൂന്നു റീച്ചുകളിലും പാലങ്ങളുടെയും മേൽപ്പാലങ്ങളുടെയും അടിപ്പാതയുടെയും നിർമാണങ്ങളാണ് മന്ദഗതിയിൽ നീങ്ങുന്നത്. കാലിക്കടവ് മുതല്‍ മാങ്ങാട് വരെ 117.6775 ഹെക്ടറും മാങ്ങാട് മുതല്‍ മുഴപ്പിലങ്ങാട് വരെ 82.8797 ഹെക്ടറുമാണ് ദേശീയ പാതാ വികസനത്തിന് വേണ്ടി ഏറ്റെടുത്തിട്ടുള്ളത്.
ജില്ലയിലെ ദേശീയപാതാ വികസനത്തില്‍ മൂന്നു ബൈപ്പാസുകളാണ് നിര്‍മിക്കുന്നത്. നിര്‍ദിഷ്ട പയ്യന്നൂര്‍- തളിപ്പറമ്പ് ബൈപ്പാസ്, കണ്ണൂര്‍ ബൈപ്പാസ്, മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് എന്നിവയാണ്.
ദേശീയ പാത കണ്ണൂർ ബൈപ്പാസിൽ വളപട്ടണം പുഴയ്ക്ക് നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം ദ്രുതഗതിയിലാണ്. തൂണുകളിൽ അധികവും ഇതിനകം പൂർത്തിയായി കഴിഞ്ഞു. മാറ്റം വരുത്തിയ അലൈൻമെന്റ് പ്രകാരം നാവിഗേഷൻ സൗകര്യത്തിനായി ഉയരം കൂട്ടി മധ്യഭാഗത്ത് ഭാഗത്ത് സ്ഥാപിക്കുന്ന തൂണുകളാണ് ബാക്കിയുള്ളത്. ഇവയുടെ നിർമാണവും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് ദേശീയപാത അധികൃതർ വിശദീകരിച്ചു.
കണ്ണൂർ ബൈപ്പാസ് നിർമാണത്തിന്റെ ആദ്യഘട്ടം തുരുത്തി മേഖലയിലാണ് പ്രവൃത്തി വേഗത്തിലായത്. കണ്ടൽ വനമേഖല ഉൾപ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി വളപട്ടണം പുഴ വരെ വേളാപുരം ദേശീയ പാത മുതൽ തുരുത്തി വരെ റോഡ് ഒന്നര വർഷം മുന്‍പ് തന്നെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയിരുന്നു.
പിന്നാലെ യന്ത്രസാമഗ്രികളും സ്ഥലത്തെത്തിച്ചു. തൊഴിലാളികൾക്ക് താമസിക്കാനുള്ള ഹട്ടുകളും നിർമാണസാമഗ്രികളുടെ സംഭരണശാലയും തൊട്ടുപിന്നാലെ നിർമിച്ചു. എന്നാൽ പാലത്തിന്റെ രൂപരേഖ മാറ്റാൻ നിർദേശം വന്നതോടെ മാസങ്ങളോളം പ്രവൃത്തി സ്തംഭിക്കുകയായിരുന്നു. വളപട്ടണം പുഴ കേന്ദ്രീകരിച്ച് ഭാവിയിലെ വിനോദ സഞ്ചാരസാധ്യത കണക്കിലെടുത്ത് വലിയ ജലവാഹനങ്ങൾ കടന്നുപോകുന്നതിനായി പാലത്തിന്റെ മധ്യഭാഗം ഉയർത്തിയാണ് പുതിയ രൂപരേഖ തയാറാക്കിയത്.
മധ്യഭാഗത്തെ സ്പാനുകളുടെ നീളം 50 മീറ്ററായി നീട്ടിയും ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ ആറു മീറ്റർ കൂടി ഉയർത്തിയുമാണ് പുതിയ അലൈൻമെന്റ് തയാറാക്കിയത്. മറ്റ് സ്പാനുകളും യോജിച്ച രീതിയിൽ ഉയരം കൂട്ടും.19 സ്പാനുകളാണ് പാലത്തിന് വേണ്ടത്. ആദ്യ ഡിപിആർ പ്രകാരം തുരുത്തി പാലത്തിന് 130 കോടിയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ നാവിഗേഷന്റെ ഭാഗമായി രൂപരേഖയും മറ്റു മാറ്റങ്ങളും വന്നതോടെ പുതിയ പാലത്തിന് 190 കോടിയോളം വേണ്ടിവരും. ദേശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ നിർമിക്കുന്ന വലിയ പാലങ്ങളിലൊന്നാണ് പുതിയ വളപട്ടണം പാലം.
പുഴയുടെ ഭാഗത്ത് മാത്രം 740 മീറ്ററാണ് ദൈർഘ്യം. ഇരുഭാഗത്തെ അപ്രോച്ച് റോഡടക്കം ഒരു കിലോമീറ്ററിൽ അധികം പാലത്തിന് ആകെ നീളം വരും.