വിളയാർകോട് പുതിയ ക്വാറിക്ക് അനുമതി നൽകരുതെന്ന് നാട്ടുകാർ
1480551
Wednesday, November 20, 2024 6:23 AM IST
പെരുമ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ പെരുമ്പടവ് വാർഡിൽ വിളയാർകോട് നിലവിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് പ്രദേശവാസികൾ. ക്വാറി കാരണം അമ്പതോളം പട്ടികജാതി-വർഗ കുടുംബങ്ങൾ താമസിക്കുന്ന ഇവിടെയുള്ള കിണറുകൾ ഇടിയുകയും സമീപത്തെ നിരവധി വീടുകൾക്ക് വിള്ളലുകൾ സംഭവിക്കുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് ശക്തമായ കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
രണ്ടുവർഷം മുമ്പുണ്ടായ മഴയിൽ ക്വാറിയിൽ കെട്ടിനിന്ന വെള്ളം പ്രദേശത്തെ താഴ് വാരത്തുള്ള വീടുകളിലേക്ക് ഉരുൾപൊട്ടലിന് സമാനമായി ഒഴുകിവന്ന് നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതിന് സമീപത്ത് 2.5ഏക്കർ സ്ഥലത്ത് മറ്റൊരു ക്വാറി തുടങ്ങാൻ നിലവിലെ ക്വാറി ഉടമ നീക്കം നടത്തുകയാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
ക്വാറിക്കുള്ള അനുമതിക്കുള്ള അപേക്ഷയിൻമേൽ ഇന്നലെ ജലസേചന വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നിലവിൽ പുതിയ ക്വാറി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തായി ജല്ജീവന് മിഷന്റെ മൂന്ന് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും സ്ഥിതിചെയ്യുന്നുണ്ട്. പട്ടികജാതി കോളനി നിവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്ക് 650 മീറ്റർ പരിധിയിലാണ്. കൂടാതെ ഇതിന് സമീപത്തായി കമ്യൂണിറ്റി ഹാൾ, പഞ്ചായത്തിന്റെ തന്നെ നിരവധി ചെറിയ ചെക്ക് ഡാമുകൾ എന്നിവയുമുണ്ട്.
ഇവിടെ ഒരു ക്വാറിക്ക് കൂടി അനുമതി നൽകിയാൽ ഇത് താഴ് വാരത്തുള്ള പാക്കഞ്ഞിക്കാട്, കല്യാണപുരം തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശത്തെ നൂറുകണക്കിന് വീട്ടുകാർക്ക് ഭീഷണിയാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ക്വാറിയിൽ നിന്നും പറക്കുന്ന പൊടിപടലങ്ങൾ ഇവിടെയുള്ളവർ ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുമുണ്ടെന്നെരിക്ക് പുതിയ ക്വാറിക്ക് കൂടി അനുമതി നൽകിയാൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.