ചരിത്രസ്മൃതികൾ സംരക്ഷിക്കേണ്ടത് നമ്മുടെ ധർമം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
1480548
Wednesday, November 20, 2024 6:23 AM IST
കണ്ണൂർ: ചരിത്ര സ്മൃതികൾ കാത്തുസൂക്ഷിക്കേണ്ടത് പുതിയ തലമുറയോട് കാണിക്കേണ്ട ചരിത്രപരമായ ധർമമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്തുടനീളം വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ 22 മ്യൂസിയങ്ങൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. മ്യൂസിയങ്ങൾ ഇല്ലാതിരുന്ന കണ്ണൂരിൽ ഏഴോളം മ്യൂസിയങ്ങളുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കണ്ണൂരിൽ കൈത്തറി മ്യൂസിയം, പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ സയൻസ് പാർക്കിലെ പുരാരേഖാ മ്യൂസിയം, കണ്ടോന്താറിൽ പ്രാദേശിക ചരിത്ര മ്യൂസിയം എന്നിവ നാടിന് സമർപ്പിച്ചു. പെരളശേരിയിലെ എകെജി സ്മൃതി മ്യൂസിയം, കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ് മാർ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നിവ നിർമാണത്തിലാണ്. കഥ പറയുന്ന മ്യൂസിയങ്ങളായാണിവ സജ്ജീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
1924ൽ ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം കൈത്തറി മ്യൂസിയത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
ഈ തുണിത്തരങ്ങൾ നൂറു വർഷങ്ങൾക്കു ശേഷമാണ് ലോക പൈതൃക വാരാചരണത്തിന്റെ ഭാഗമായി ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഗോൾഡൻ എംബ്രോയ്ഡറി ടേബിൾ മാറ്റ്, അലങ്കാര പായ ഡോയിലി, പർപ്പിൾ സെന്റർ എംബ്രോയ്ഡറി ലേയ്സ്, കോർസെറ്റ് എന്നിവ പ്രദർശനത്തിലുണ്ട്. പ്രദർശനം ഇന്നും ഉണ്ടാകും.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി. കോർപറേഷൻ കൗൺസിലർ പി.വി. ജയസൂര്യൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ്ബാബു, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി.എസ്. മഞ്ജുളാദേവി, ഹാൻവീവ് എം.ഡി. അരുണാചലം സുകുമാർ, ഹാൻവീവ് ഡയറക്ടർ താവം ബാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, കോഴിക്കോട് കൃഷ്ണമേനോൻ ആർട്ട് ഗാലറി ആൻഡ് മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജൻ, വെള്ളോറ രാജൻ, എം. ഉണ്ണിക്കൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, അസ്ലം പിലാക്കീൽ എന്നിവർ പ്രസംഗിച്ചു.