പേരാവൂര്‍ മാരത്തണ്‍ ഡിസംബർ 21ന്
1481416
Saturday, November 23, 2024 6:53 AM IST
കണ്ണൂര്‍: പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടഷന് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പേരാവൂര്‍ മാരത്തണ്‍ ആറാം എഡിഷന് ഡിസംബര്‍ 21ന് നടക്കും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ ആറിന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്റ്റേഡിയത്തില്‍നിന്ന് തുടങ്ങി പേരാവൂര്‍ ടൗണ്‍, പെരുമ്പുന്ന, മടപ്പുരച്ചാല്‍, മണത്തണ വഴി 10.5 കിലോ മീറ്റര്‍ താണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കുന്ന വിധത്തിലാണ് മാരത്തണ്‍. ആണ്‍പെണ്‍ വിഭാഗങ്ങളിലായി പതിനെട്ട് വയസിന് താഴെ, 50 വയസിന് മുകളിലുമായും ഓപ്പണ്‍ വിഭാഗത്തിലുമായി ആറ് കാറ്റഗറിയിലാണ് മത്സരം. കൂടാതെ കുടുംബങ്ങള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമായി 3.5 കിലോ മീറ്റര്‍ ഫണ്‍ റണ്ണും ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ചക്രക്കസേര ഉപയോഗിക്കുന്നവര്‍ക്കായി 400 മീറ്റര്‍ വീല്‍ചെയര്‍ റേസും ഉണ്ടാകും.
ഓപ്പണ്‍ കാറ്റഗറിയില്‍ ഇരുവിഭാഗങ്ങള്‍ക്കും 10000, 5000, 3000 എന്ന ക്രമത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്കും പിന്നീട് ഫിനിഷ് ചെയ്യുന്ന ഏഴു പേര്‍ക്ക് ആയിരം രൂപ വീതവും നല്‍കും. മറ്റുനാല് വിഭാഗങ്ങള്‍ക്കും കാഷ് പ്രൈസ് നല്‍കും. പങ്കെടുത്ത എല്ലാവര്ക്കും ഫിനിഷര്‍ മെഡലുമുണ്ടാകും. മൊത്തം 1,18,000 രൂപ കാഷ് പ്രൈസായി നല്‍കും. മാരത്തണിന് മുന്നോടിയായി ഡിസംബർ 19നും 20നും നടക്കുന്ന സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ കാറ്റഗറിയില്‍ 600 രൂപയും ഫണ്‍ റണ്‍ കാറ്റഗറിക്ക് 400 രൂപയും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 250 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്: www.peravoor marathon.com. ഫോൺ: 9447263904, 9447805822.
പേരാവൂര്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, പോലീസ്, അഗ്നിരക്ഷാസേന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്പോര്‍ട്സ് ക്ലബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ലഹരിവസ്തുക്കള്‍ക്കെതിരേ ബോധവത്കരണം നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുമാണ് പേരാവൂര്‍ മാരത്തണിന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ അഞ്ജു ബോബി ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, കാനറ ബാങ്ക് കണ്ണൂര്‍ ഡിവിഷണല്‍ മാനേജര്‍ ഗംഗാധരയ്യ, ബേബി മെമ്മോറിയല്‍ ആശുപത്രി പിആര്‍ഒ മധുസൂദനന്, എം.സി. കുട്ടിച്ചന്, അനൂപ് നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു.