ചപ്പാരപ്പടവ്, എരമം-കുറ്റൂരിൽ രണ്ടു വീതവും നടുവിൽ ഒരു വാർഡും കൂടി
1481057
Friday, November 22, 2024 5:26 AM IST
പെരുമ്പടവ്: പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് പട്ടിക പുറത്തുവന്നപ്പോൾ മലയോര പഞ്ചായത്തുകളിൽ ചപ്പാരപ്പടവ്, എരമം കുറ്റൂർ പഞ്ചായത്തുകളിൽ രണ്ടു വീതവും നടുവിൽ ഒരു വാർഡും വർധിച്ചു.
ഇതോടെ ചപ്പാരപ്പടവിൽ വാർഡുകളുടെ എണ്ണം 18ൽ നിന്ന് 20 ആയി. എരമം കുറ്റൂരിൽ 17ൽ നിന്ന് 19 ഉം നടുവിൽ 19ൽ നിന്ന് 20 ആയും വർധിച്ചു.
അതേ സമയം ചപ്പാരപ്പടവ്, എരമം കുറ്റൂർ, നടുവിൽ പഞ്ചായത്തുകളിൽ അശാസ്ത്രീയമായ രീതിയിലാണ് വാർഡ് വിഭജനം നടത്തിയതെന്ന ആരോപണവും ഉയരന്നുണ്ട്. ചപ്പാരപ്പടവ് പഞ്ചായത്തിലെ തടിക്കടവ് മുതൽ മങ്കരക്കു തൊട്ടു സമീപം വരെ എത്തുന്ന രീതിയിൽ വാർഡ് പുനർനിർണിച്ചതിൽ യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിക്കുന്നുണ്ട്. ഈ വാർഡിന് ഏകദേശം എട്ടു കിലോമീറ്റർ വിസ്തൃതിയുണ്ട്. വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ഇത് ഏറെ അസൗകര്യങ്ങൾ സൃഷ്ടിക്കും. അമ്മംകുളം വാർഡിനെക്കുറിച്ചും എൽഡിഎഫിനും യുഡിഎഫിനും പരാതിയുണ്ട്.
എരമം കുറ്റൂരിൽ യുഡിഎഫിന് അനുകൂലമായ വാർഡുകളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെ പലവിധത്തിൽ വെട്ടി മുറിച്ചെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നടുവിൽ പഞ്ചായത്തിലെ 19 വാർഡുകൾ വിഭജിച്ച് 20 വാർഡുകൾ രൂപികരിച്ചപ്പോൾ കരുവഞ്ചാൽ ഒന്നാം വാർഡിലെ കരുവഞ്ചാൽ ടൗൺ, പോത്തുകുണ്ട് 15-ാം വാർഡിന്റെ താറ്റ്യാട് ഭാഗം പാലക്കയംതട്ടിന്റെ താഴെയുള്ള കോട്ടയം തട്ടടക്കം ഒരു വാർഡിലായിരിക്കുകയാണ്. കരുവഞ്ചാൽ ഹോസ്പിറ്റൽ, പള്ളി ഇവയെല്ലാം( വിട്ടു നമ്പർ 441 മുതൽ 1348 വരെ) താറ്റ്യാട് വാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാർഡ് 12ലെ ഒന്നു മുതൽ 30 വരെ വീടുകൾ ഉൾപ്പെടുത്തിയപ്പോൾ മണ്ഡളത്തെ പഴയ പള്ളിയടക്കം ഈ വാർഡിലാണ്.
പഴയ പൊട്ടംപ്ലാവ് വാർഡിന്റെ ഭാഗമായ മുന്നൂർ കൊച്ചി പാത്തൻപാറ വാർഡിന്റഭാഗമാക്കി മാറ്റി പരസ്പര ബന്ധമില്ലാത്ത രണ്ട് പ്രദേശങ്ങളെ കൂട്ടി ചേർത്ത് ഒരുവാർഡാക്കി മാറ്റിയതായും ആക്ഷേപമുണ്ട്.