റബറിന് 300 രൂപ തറവില നിശ്ചയിക്കണം: എകെസിസി
1481404
Saturday, November 23, 2024 6:52 AM IST
കാർത്തികപുരം: ഇടതു മുന്നണി അധികാരത്തിൽ വന്നാൽ റബറിന് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാൻ ഇടതുമുന്നണി സർക്കാർ തയാറാകണമെന്നും 2025 മുതൽ 300 രൂപയാക്കി വർധിപ്പിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയംഗം ബിനോയ് തോമസ് ആവശ്യപ്പെട്ടു.
ആലക്കോട് സംഘടിപ്പിക്കുന്ന കർഷക പ്രതിഷേധാഗ്നിയുടെ പ്രചാരണാർഥം നടത്തിയ സമര പ്രഖ്യാപന ജാഥയുടെ സമാപന സമ്മേളനം കാർത്തികപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് നടത്തുന്ന കർഷക പ്രതിഷേധാഗ്നിയുടെ സമരത്തിന്റെ ഭാഗമായിരുന്നു പ്രചരണ ജാഥ.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് ടോമി കണയങ്കൽ അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം മുഖ്യ പ്രഭാഷണം നടത്തി. ഫൊറോന കൗൺസിൽ പ്രസിഡന്റ് സിബി ഫ്രാൻസിസ്, ജോബിൻ കണയങ്കൽ, ജോയി കുര്യാലപ്പുഴ, അനൂപ് മുണ്ടിയാനി, ജോബി തെങ്ങിൽ, മാത്യു പുന്നവേലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റൻ ഇമ്മാനുവൽ കോയിക്കൽ നന്ദി പറഞ്ഞു. ഒറ്റത്തൈയിൽനിന്നാരംഭിച്ച ജാഥാ സമ്മേളനത്തിൽ ഫാ. ജിബിൻ വട്ടംകാട്ടേൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് മേരിഗിരി ഫൊറോന പ്രസിഡന്റ് തോമസ് ഒഴുകയിൽ, രൂപത സെക്രട്ടറി സെബാസ്റ്റ്യൻ ജാതികുളം, ബേബി മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.