പഴശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു
1480862
Thursday, November 21, 2024 7:36 AM IST
മട്ടന്നൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു. അണക്കെട്ടിന്റെ ഇരു ഭാഗങ്ങളിലുമാണ് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത്.
മഴ കുറഞ്ഞതിനാൽ കഴിഞ്ഞ ദിവസമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു ഡാമിൽ വെള്ളം സംഭരിക്കാൻ തുടങ്ങിയത്. ഇതോടെയാണ് പ്ലാസ്റ്റിക് മാലിന്യം അടക്കം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഷട്ടറിന്റെ ഇരു ഭാഗത്തുമാണ് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം കെട്ടിക്കിടക്കുന്നത്. വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കണ്ണൂർ, പട്ടുവം, പെരളശേരി - അഞ്ചരക്കണ്ടി, കീഴൂർ ചാവശേരി, കൊളച്ചേരി, കൂത്തുപറമ്പ് ശുദ്ധജല പദ്ധതികൾക്കാണ് പഴശി ഡാമിൽ നിന്ന് വെള്ളം ശേഖരിക്കുന്നത്. കഴിഞ്ഞ വർഷം നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തിരുന്നു.