കേരള കോൺഗ്രസ്-എം നേതാക്കൾ ചെമ്പന്തൊട്ടി പള്ളി സന്ദർശിച്ചു
1480858
Thursday, November 21, 2024 7:36 AM IST
പയ്യാവൂർ: കേരള കോൺഗ്രസ്-എം നേതാക്കൾ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ എത്തി വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേലുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം പള്ളിയിലുണ്ടായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ പോലീസ് സ്വീകരിക്കണമെന്നും ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് ചെറുപുഷ്പം യുപി സ്കൂളിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ച വസ്തുവകകൾ പുനർനിർമിക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഈ മേഖലയിലെ കച്ചവട സ്ഥാപനങ്ങളിലെ മയക്കുമരുന്ന് വില്പന കണ്ടു പിടിച്ച് അത് നിർത്തലാക്കണമെന്നും, ചെമ്പന്തൊട്ടി ടൗണിലും സ്കൂൾ പരിസരത്തും ശ്രീകണ്ഠപുരം നഗരസഭ അടിയന്തരമായി കാമറകൾ സ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, ജില്ലാ സെക്രട്ടറി സി.ജെ.ജോൺ, ബിജു പുതുക്കള്ളി, ബിനു ഇലവുങ്കൽ, സണ്ണി മുക്കുഴി, ഷാജി കുറ്റ്യാത്ത്, ബാബു തയ്യിൽ, ജോണി ഉറുമ്പുകാട്ടിൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.