ഹൈറിച്ച് കേസ് ; സ്ഥാപനത്തിന്റെ വെബ്സൈറ്റ് കോടതി പരിശോധിച്ചു
1480872
Thursday, November 21, 2024 7:36 AM IST
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പായ ഹൈറിച്ച് കേസില്‍ അസാധാരണ നീക്കവുമായി തൃശൂര്‍ തേര്‍ഡ് അഡീഷണല്‍ സെഷന് സ് കോടതി. കോടതിയുടെ സാന്നിധ്യത്തിൽ ഹൈറിച്ചിന്റെ വെബ്സൈറ്റ് തുറന്നു പരിശോധിക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഇത്തരം പരിശോധനയ്ക്ക് മറ്റ് ഏജൻസികളെ നിയോഗിക്കുന്ന രീതി മാറ്റിയാണ് സാന്പത്തികത്തട്ടിപ്പ് കേസിൽ കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിച്ചത്. സംസ്ഥാനത്തെ ആദ്യ സംഭവമാണിത്.
കഴിഞ്ഞ കൊല്ലം നവംബറിലാണു പര്‍ച്ചേസ് കൺസൈൻമെന്റ് അഡ്വാന്‍സ് എന്ന പേരില്‍ കമ്പനി ഒടിടി ബോണ്ട് എന്ന പേരില്‍ വാങ്ങിക്കുന്ന ലക്ഷങ്ങള്‍ അനധികൃത നിക്ഷേപമാണെന്ന് കണ്ട് ബഡ്സ് അഥോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പിന്നീട് മുന്‍ എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയില്‍ ഇഡി കേസെടുത്ത് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. പിന്നീട് കൊച്ചി പിഎംഎല്‍എ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ച ശേഷമുള്ള വിചാരണ ഘട്ടത്തില്‍ ബഡ്സ് അഥോറ്റിയുടെ താത്കാലിക മരവിപ്പിക്കല്‍ നടപടി ദീര്‍ഘമായ വാദ പ്രതിവാദങ്ങള്ക്കിടയാക്കിയിരുന്നു. ഒടുവില്‍ മേൽനടപടി തൃശൂര്‍ ബഡ്സ് കോടതി സ്ഥിരപ്പെടുത്തിയിരുന്നു.
ഇതിനെതിരെ ഹൈറിച്ച് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ബഡ്സ് അഥോറിറ്റി സ്ഥിരപ്പെടുത്തല്‍ അപേക്ഷ നല്കാന് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ബഡ്സ് കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.
എന്നാല്‍ ഇതേത്തുടര്‍ന്നുള്ള ഉത്തരവില്‍ പുതിയ നടപടികളെടുക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് അന്നു തന്നെ ബഡ്സ് അഥോറിറ്റി വീണ്ടും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ഇതിനെതിരെ ഹൈറിച്ച് സുപ്രീം കോടതിയില്‍ പോയെങ്കിലും കോടതി ഇടപെടാന്‍ തയാറായില്ല. ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയില്‍ ബാങ്ക് അക്കൗണ്ട് വീണ്ടും മരവിപ്പിച്ച നടപടിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ബഡ്സ് കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ നടപടികള്‍ തൃശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ നടന്നു വരികയാണ്.
സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള കമ്പനി ആയതിനാല്‍ ഹൈറിച്ച് ഗുണിതങ്ങളായി വാങ്ങിക്കുന്നത് അനധികൃത നിക്ഷേപം ആണെന്നാണ് സര്‍ക്കാര്‍ വാദം.
ഹൈറിച്ച് ഇറക്കിയ അഞ്ചു ലക്ഷത്തിന്റെ ബോണ്ടിന് റിസർവ് ബാങ്ക് അനുമതിയില്ലാത്തതിനാല്‍ ഇത് വ്യാജ ബോണ്ട് ആണെന്നും വ്യാജ ബോണ്ട് ഇറക്കി നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നെന്നും ബഡ്സ് അഥോറിറ്റിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. സംസ്ഥാനത്ത് നിലവിലുള്ള എഫ്ഐആറുകള്‍, ഹൈറിച്ചിന്റെ പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന സര്‍ക്കുലറുകൾ, ബോണ്ടുകള്‍ തുടങ്ങിയവ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നായിരുന്നു മറുവാദം. ഇതെല്ലാം ഇവരുടെ വെബ്സൈറ്റില്‍ ഉണ്ടെന്നു പ്രോസിക്യൂഷന് വാദിച്ചതോടെയാണ് കോടതി അസാധാരണ നടപടികളിലേക്ക് കടന്നത്. കഴിഞ്ഞദിവസം വിദഗ്ദരുടെ സഹായത്തോടെ കോടതി മുറിയില്‍ ഹൈറിച്ചിന്റെ വെബ്സൈറ്റ് പരിശോധിക്കുകയായിരുന്നു.
തൃശൂർ, ചേർപ്പ് പോലീസ് ഹൈറിച്ചിന്റെ ഓഫീസില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ ഉള്ള വെബ്സൈറ്റ് തങ്ങളുടേതല്ലെന്ന് ഹൈറിച്ച് വാദമുന്നയിച്ചതോടെ ഇതുസംബന്ധിച്ച വാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കേസ് 23 ലേക്ക് മാറ്റി. തീരുമാനം എടുക്കാന്‍ ഹൈക്കോടതി ബഡ്സ് കോടതിക്ക് കൊടുത്ത രണ്ടാഴ്ച സമയം 22ന് അവസാനിക്കും.വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും കേസ് നടത്താനെന്ന പേരില്‍ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി ഹൈറിച്ച് ഉടമകള്‍ പണ പിരിവ് നടത്തിയതും വിവാദമായിട്ടുണ്ട്.