ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡ് നവീകരണം പുരോഗമിക്കുന്നു
1481797
Sunday, November 24, 2024 7:53 AM IST
ചെമ്പന്തൊട്ടി: കിഫ്ബി ഫണ്ടിൽ നിന്നുള്ള 48 കോടി രൂപ ചെലവഴിച്ച് നവീകരണം നടത്തി വരുന്ന ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിന്റെ ആദ്യഘട്ടം ഡിസംബർ 31 നുള്ളിൽ പൂർത്തിയാക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ. പണി പൂർത്തിയാകുമ്പോൾ ശ്രീകണ്ഠപുരം ടൗൺ പോലെ ചെമ്പന്തൊട്ടി ടൗണും മനോഹരമാകും. ടൗണിൽ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിക്കും.
സർവീസ് റോഡുകൾ കയറ്റം കുറച്ച് മെക്കാഡം ടാറിംഗ് നടത്തും. റോഡ് പണിയുടെ പുരോഗതി വിലയിരുത്തുന്നതിന് ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ ചേർന്ന യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ റോഡ് പണിയുടെ പുരോഗതിയും പോരായ്മയും ചൂണ്ടിക്കാണിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. ജോസഫ്, ജോസഫീന വർഗീസ്, വാർഡ് കൗൺസിലർമാരായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കെ.വി. കുഞ്ഞിരാമൻ, നെടിയേങ്ങ സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പെരുമ്പള്ളിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കിഫ്ബി, പിഡബ്ല്യുഡി എൻജിനിയർമാർ, റോഡ് കമ്മറ്റി എക്സിക്യൂട്ടിവ് അംഗങ്ങൾ, വ്യാപാരികൾ, ടാക്സി-ഓട്ടോ തൊഴിലാളികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.