പന്തോക്കാവ് ക്ഷേത്രത്തിൽ കവർച്ച; വഴിപാട് കൗണ്ടറിലെ പണം കവർന്നു
1480871
Thursday, November 21, 2024 7:36 AM IST
മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ കവർച്ച. വഴിപാട് കൗണ്ടറിന്റെ മേശവലിപ്പിൽ നിന്നും പണവും ഓഫീസ് മുറിയിലെ സഞ്ചിയിൽ സൂക്ഷിച്ച നാണയങ്ങളും കള്ളൻ കവർന്നു.
ക്ഷേത്രത്തിന്റെ അന്നദാന കൗണ്ടറിലുണ്ടായിരുന്ന കന്പിപ്പാര ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ ചില്ലുകളും ഓഫീസ് മുറിയുടെ പൂട്ടും തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തിരുമുറ്റത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം മോഷണം പോയില്ല. ഇന്നലെ പുലർച്ചെ 4.30 തോടെ ക്ഷേത്ര ഭാരവാഹി രവി നികുഞ്ജം കീർത്തനം വയ്ക്കാൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് വഴിപാട് കൗണ്ടറിലുള്ള സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. ഉടൻ പന്തക്കൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ റെനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാവി മുണ്ടും കള്ളി ടീ ഷേർട്ടും ധരിച്ചയാൾ അർധരാത്രി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും മോഷണം നടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ മോഷണവുമായി ബന്ധപ്പെട്ട പ്രതിയെന്ന് സംശയിക്കുന്നയാളെ കാസർഗോഡ് വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. മാഹി പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേരള പോലീസിന് അയച്ചു കൊടുത്തിരുന്നു. ഇതേത്തുടർന്നാണ് സംശയാസ്പദ സാഹചര്യത്തിൽ കാസർഗോഡ് പോലീസ് റെയിൽവേ സ്റ്റേഷനിൽ വച്ച് പുനലൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാഹി പോലീസ് കാസർഗോട്ടേക്ക് തിരിച്ചിട്ടുണ്ട്.