വലിയ കുടുംബങ്ങൾ സഭയുടെയും സമുദായത്തിന്റെയും കാവലാളുകൾ: മാർ ജോസഫ് പാംപ്ലാനി
1481809
Sunday, November 24, 2024 7:53 AM IST
തളിപ്പറമ്പ്: വലിയ കുടുംബങ്ങൾ സഭയുടെയും സമുദായത്തിന്റെയും ശക്തിയും കാവലാളുകളുമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. അതിരൂപത മാതൃവേദി, ഫാമിലി അപ്പോസ്തൊലേറ്റ്, അമല പ്രോലൈഫ് മൂവ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ജീവോത്സവം-2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. അമല പ്രോലൈഫ് മൂവ്മെന്റ് പ്രസിഡന്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ.മാത്യു ആശാരിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
വിവിധ അപ്പോസ്തൊലേറ്റുകളും സന്യാസ സമൂഹങ്ങളും വലിയ കുടുംബങ്ങൾക്ക് സമ്മാനങ്ങൾ നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പതിനഞ്ചോളം കുടുംബങ്ങളെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഫാമിലി അപ്പോസ്തൊലേറ്റ് ഡയറക്ടർ ഫാ.ജോബി കോവാട്ട്, മാതൃവേദി അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത്, പ്രോലൈഫ് ആനിമേറ്റർ സിസ്റ്റർ സ്റ്റെല്ല എംഎസ്എംഐ, മാതൃവേദി അതിരൂപത ആനിമേറ്റര്‍ സിസ്റ്റർ ലിന്റ് സിഎച്ച്എഫ്, പ്രോലൈഫ് സെക്രട്ടറി റൈനി കടവൻകുന്നേൽ, തളിപ്പറമ്പ് ഫൊറോന സഹവികാരി ഫാ. ജിൻജോ മൂന്നാനാൽ എന്നിവർ നേതൃത്വം നൽകി.