400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം-സിപിഎം
1480857
Thursday, November 21, 2024 7:36 AM IST
ആലക്കോട്: കാസര്‍കോട്- വയനാട് 400 കെ വി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ ഭൂമിയും കാർഷിക വിളകളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിപിഎം ആലക്കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക, കാര്‍ഷിക- മൃഗ സംരക്ഷണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക, ആലക്കോട് കേന്ദ്രമായി സ്പോര്‍ട്സ് അക്കാഡമി ആരംഭിക്കുക, ആദിവാസി പുനരധിവാസ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വന്യജീവി ആക്രമണം തടയുക, മലയോര മേഖല കേന്ദ്രീകരിച്ച് ടൂറിസ്റ്റ് ഹബ്ബ് സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. സാജൻ കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ടി. വി. രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പ്രകാശൻ, ടി.കെ.ഗോവിന്ദൻ, പി.വി. ഗോപിനാഥ്, കാരായി രാജൻ ജില്ലാ കമ്മിറ്റി അംഗം എം. കരുണാകരൻ, കെ.പി.സാബു എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറിയായി സാജൻ കെ. ജോസഫിനെ തെരഞ്ഞെടുത്തു.