പതറാത്ത നിശ്ചയദാർഢ്യവുമായി ആശാ സമരം 19 ദിനങ്ങൾ പിന്നിട്ടു
Saturday, March 1, 2025 1:21 AM IST
തിരുവനന്തപുരം: ഉച്ചസമയത്തെ വെന്തുരുകുന്ന ചൂടിലും ഇന്നലെ വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശാ സമരം. സെക്രട്ടേറിയറ്റ് പടിക്കൽ 19 ദിനം പിന്നിട്ട ആശാ സമരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ശക്തമാകുകയാണ്.
വിവിധ സ്ഥലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്പോഴും കൂടുതൽ ആശാവർക്കർമാർ സമരവേദിയിലേക്ക് എത്തിച്ചേരുകയാണെന്നു സമരസമിതി പ്രവർത്തകർ പറയുന്നു.
ഇടുക്കി കാന്തല്ലൂരിൽനിന്ന് സമരത്തിന് അഭിവാദ്യം അർപ്പിക്കാൻ ആശാവർക്കർ ചെല്ലമ്മ എത്തിയപ്പോൾ സമരമിരിക്കുന്നവർ ഒരുമിച്ചാണ് സ്വീകരിച്ചത്.സാഹിത്യകാരൻ എം.എൻ. കാരശേരി സമരത്തെ പിന്തുണച്ചും പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും വീഡിയോ സന്ദേശം നൽകി.