"കൂടുതല്‍ ഫണ്ട് വിനിയോഗിക്കാം'; വയനാട് പുനരധിവാസത്തിൽ ഹൈക്കോടതി
Saturday, January 11, 2025 2:17 AM IST
കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതിനാല്‍ വിവിധ മേഖലകളില്‍നിന്ന് കൂടുതല്‍ ഫണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി വിലയിരുത്തി. ദുരന്തനിവാരണ ഫണ്ടടക്കം വിനിയോഗിക്കാന്‍ ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു.
2021 വരെയുള്ള എയര്ലിഫ്റ്റിംഗിന്റെ പണമടയ്ക്കാന്‍ കേന്ദ്രം സാവകാശം നല്കിയതിനാല് വയനാട് പുനരധിവാസ നടപടികള്‍ക്കായി ഈയിനത്തിലുള്ള 120 കോടി സര്‍ക്കാരിനു വിനിയോഗിക്കാം.
ഈ തുക പിന്നീട് അടച്ചാല്‍ മതിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിനു കത്ത് നല്‍കിയതായി കേന്ദ്രം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂരല്‍മല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിന് പണം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കത്തും കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കി.
2021നു മുമ്പുള്ള എയര്‍ ലിഫ്റ്റിംഗിന്റേതുള്പ്പെടെ 132.61 കോടിയുടെ ബില്ലാണ് തിരിച്ചടയ്ക്കാനായി കേന്ദ്രം സംസ്ഥാനത്തിന് കഴിഞ്ഞ ഓക്ടോബറില്‍ നല്‍കിയത്. ഈ നടപടിയെ മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.
2021 മേയ് വരെയുള്ള തുകയില്‍ സാവകാശം ലഭിച്ചാല്‍ 120 കോടി രൂപ പുനരധിവാസത്തിന് ഉപയോഗിക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ദുരന്തബാധിതരുടെ പ്രതിനിധിയെന്ന നിലയില്‍ കേസില്‍ കക്ഷി ചേരാന്‍ വയനാട് സ്വദേശി ബൈജു പോള്‍ മാത്യൂസ് അപേക്ഷ നല്‍കിയെങ്കിലും പറയാനുള്ള വിഷയങ്ങള്‍ അമിക്കസ് ക്യൂറിയെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.