ബി. അശോകിന്റെ സ്ഥാനചലനം ; 2000 കോടിയുടെ കാർഷിക പദ്ധതി നടപ്പാക്കാനിരിക്കെ
Saturday, January 11, 2025 2:17 AM IST
തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ കാർഷിക മേഖലയുടെ വികസനത്തിനായി 2000 കോടി രൂപയുടെ കേര പദ്ധതി നടപ്പാക്കാനിരിക്കെയാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. ബി. അശോകിനെ സർക്കാർ മാറ്റിയത്.
2,000 കോടിയുടെ പദ്ധതിയിൽ സംസ്ഥാന വിഹിതമായി 700 കോടി രൂപ നീക്കിവയ്ക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കർഷകരുടെ വളർച്ചയ്ക്കായുള്ള പദ്ധതിയിൽ 700 കോടി രൂപ നീക്കിവയ്ക്കാൻ സംസ്ഥാനത്തിന് ഇല്ലാത്തതിനാൽ നബാർഡിനെയായിരുന്നു സമീപിച്ചിരുന്നത്. എന്നാൽ ബി. അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെ ഇപ്പോൾ ഈ തുക നീക്കിവയ്ക്കാൻ കഴിയില്ലെന്ന് നബാർഡ് സംസ്ഥാന സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചതായാണു വിവരം. അങ്ങനെയെങ്കിൽ കർഷകരുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള കേര പദ്ധതിയും അവതാളത്തിലായേക്കും.
അതേസമയം, കാർഷികോത്പാദന കമ്മീഷണർ സ്ഥാനത്ത് തുടരുന്ന അശോകിന് കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതലയുമുണ്ട്. എന്നാൽ, കാർഷിക സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതലയിൽനിന്ന് അശോകിനെ ഒഴിവാക്കിയിട്ടില്ല.
കാർഷികോത്പാദന കമ്മീഷണർ എന്ന നിലയിലാണ് ഡോ. ബി. അശോകിന് കാർഷിക സർവകലാശാല വിസിയുടെ അധിക ചുമതല നൽകിയത്. എന്നാൽ, കാർഷികോത്പാദന കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റി പുതിയ ആളെ നിയമിച്ചാൽ ഡോക്ടറേറ്റ് അടക്കമുള്ള യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ വൈസ് ചാൻസലറുടെ ചുമതല നൽകാൻ ഗവർണറോടു ശിപാർശ ചെയ്യാൻ കഴിയൂ. ഉന്നതവിദ്യാഭ്യാസ മേഖല സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ല, ഗവർണറുടെ നിയന്ത്രണത്തിലാണെന്ന് പുതുതായി ചുമതലയേറ്റ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കാർഷിക സർവകലാശാലാ വിസിയുടെ നിയമനകാര്യത്തിൽ അശോകിനെ മാറ്റിയുള്ള പരീക്ഷണത്തിനു സർക്കാർ ഉടനടി തയാറാകുമോ എന്ന ആശങ്കയുമുണ്ട്.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അശോകിനെ മാറ്റിയെങ്കിലും ഇന്നലെ വൈകുന്നേരം വരെ ആരെയും നിയമിച്ചിട്ടില്ല. 13 പ്രിൻസിപ്പൽ സെക്രട്ടറിമാർ വേണ്ട സംസ്ഥാനത്ത് ഏഴു പേരാണ് ഇപ്പോഴുള്ളത്.
അധിക ചുമതല നൽകിയാണ് ഇവർക്കു വകുപ്പുകൾ വീതം വച്ചു നൽകിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷണറായി ഡോ. ബി. അശോകിനെ നിയമിച്ച് വകുപ്പിൽ നിന്ന് ഒഴിവാക്കാനുള്ള സർക്കാർ നീക്കം.
തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷൻ രൂപീകരിച്ച് ഉത്തരവിറക്കും മുൻപ് കമ്മീഷണറെ നിയമിച്ചെന്ന വൈരുധ്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഫീസോ ജീവനക്കാരോ മറ്റ് സംവിധാനങ്ങളോ ആയിട്ടില്ല.
തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമിക്കുന്നതിനാണ് കമ്മീഷൻ. നിയമനിർമാണത്തിനാണെങ്കിൽ ജില്ലാ ജഡ്ജിയോ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയോ കമ്മീഷണർ ആയ സംവിധാനമാണ് രൂപീകരിക്കേണ്ടതെന്ന വാദവുമുണ്ട്.