ബോബി ചെമ്മണ്ണൂര്‍ റിമാൻഡിൽ
Friday, January 10, 2025 2:45 AM IST
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണു തനിക്കെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള ബോബിയുടെ വാദങ്ങള്‍ തിരസ്കരിച്ചാണ് എറണാകുളം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ജാമ്യാപേക്ഷ തള്ളിയത്.
കോടതി ഉത്തരവ് കേട്ട് ബോബി ചെമ്മണ്ണൂരിന് രക്തസമ്മര്‍ദം ഉയരുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു. പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്ന അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയശേഷം കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.
നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്യണമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
ഇതോടൊപ്പം ബോബി നല്കിയ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചു. പരാതിക്കാരി മുഴുനീളം സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന് പബ്ലിസിറ്റി നല്‍കുകയാണെന്നായിരുന്നു ബോബിയുടെ അഭിഭാഷകന്റെ വാദം.
ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണത്തിന് കൂടുതല്‍ വിവരം വേണമെങ്കില്‍ വിളിപ്പിച്ചാല്‍ എത്തുമെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, ഗുരുതര കുറ്റമാണ് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന് വാദം.