"കാട്ടുപന്നികളെ ഷോക്കേല്‍പ്പിച്ചും പടക്കംവച്ചും കൊല്ലാം'; വിവാദ ഉത്തരവ് ഇറങ്ങിയതും പിന്‍വലിച്ചതും ആരുമറിഞ്ഞില്ല
Friday, January 10, 2025 1:09 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: ശല്യക്കാരായ കാട്ടുപന്നികളെ വിഷം കൊടുക്കുന്നതൊഴികെ വൈദ്യുതാഘാതമേല്‍പ്പിച്ചും സ്ഫോടനത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും കൊല്ലാന്‍ അനുമതി നല്കി വനംവകുപ്പ് ഉത്തരവിറക്കി.
ഉത്തരവ് വിവാദമാകുമെന്നു കണ്ട് തിടുക്കപ്പെട്ട് പിന്‍വലിച്ചു. ഉത്തരവ് ഇറങ്ങിയതും പിന്‍വലിച്ചതും ആരുമറിഞ്ഞുമില്ല. 2021 ജനുവരി 11ന് ഇറങ്ങിയ ഉത്തരവിനെക്കുറിച്ചു വെളിപ്പെടുത്തലുകളുള്ളത് 2022-23 വര്‍ഷത്തെ വനംവകുപ്പിന്റെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടിലാണ്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
കാട്ടുപന്നിശല്യം രൂക്ഷമായ സാഹചര്യത്തില്‍, അവയെ പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലാന്‍ അനുമതി നല്കി വനംവകുപ്പ് ആദ്യം ഉത്തരവിറക്കിയത് 2011ലായിരുന്നു. ഗര്‍ഭിണികളും മുലയൂട്ടുന്നതുമായ കാട്ടുപന്നികളെ കൊല്ലരുതെന്നും സ്ഥിരമായി ശല്യം സൃഷ്ടിക്കുന്നവയെ മാത്രമേ കൊല്ലാന്‍ പാടുള്ളൂവെന്നതടക്കമുള്ള ഉപാധികളായിരുന്നു അന്ന് ഏര്‍പ്പെടുത്തിയത്. രാത്രി കൃഷിയിടത്തിലെത്തുന്നത് ഒരേ കാട്ടുപന്നിതന്നെയാണോ അവ ഗര്‍ഭിണിയാണോ മുലയൂട്ടുന്നതാണോ എന്ന് അറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ആ ഉത്തരവ് പ്രകാരം ഒരു കാട്ടുപന്നിയെപ്പോലും കൊല്ലാനായില്ല.
പിന്നീട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2020 മേയ് 18നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. അതിനുശേഷമാണ് വിവാദ നിബന്ധനകളോടെ പുതിയ ഉത്തരവിറങ്ങിയത്. 17 ദിവസത്തിനുശേഷം, വനാതിര്‍ത്തിയുടെ രണ്ടു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വച്ച് കൊല്ലാന്‍ പാടില്ലെന്ന ഭേദഗതിയോടെ പുതിയ ഉത്തരവ് 2021 ജനുവരി 28ന് ഇറക്കുകയായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാന്‍ 2022 മേയ് 28ന് ഇറക്കിയ ഉത്തരവാണിപ്പോള്‍ പ്രാബല്യത്തിലുള്ളത്. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്ക്കാണു കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടാന്‍ അനുമതിയുള്ളത്.
കേരളത്തില്‍ ആന, പുലി, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയാണു വന്യജീവി-മനുഷ്യ സംഘര്‍ഷത്തിനു പ്രധാന കാരണമെന്നിരിക്കേ, ആനകളും കരടികളും മാത്രമാണ് വനംവകുപ്പിന്റെ മുഖ്യ പ്രതിപ്പട്ടികയിലുള്ളത്.
പക്ഷേ, 2022-23 വര്‍ഷത്തില്‍ കരടി ആക്രമണം മൂലമുണ്ടായ മനുഷ്യ ജീവഹാനി, പരിക്ക്, കൃഷിനാശം എന്നിവയെക്കുറിച്ചുള്ള കണക്കുകള്‍ വനംവകുപ്പിന്റെ പക്കലില്ല. കാട്ടുപന്നി ആക്രമണം മൂലം 2022-23ല്‍ ഏഴു പേര്‍ക്ക് ജീവന് നഷ്ടമായതായും 261 പേര്‍ക്ക് പരിക്കേറ്റതായും നാലു കന്നുകാലികള്‍ ചത്തതായും ഭരണറിപ്പോര്‍ട്ടില്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ 27 പേരും കടുവ, കാട്ടുപോത്ത് ആക്രമണത്തില്‍ ഓരോന്നുവീതം ആളുകളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.