എൻ.എം. വിജയന്റെ ആത്മഹത്യ; വയനാട് ഡിസിസി പ്രസിഡന്റിനെയും എംഎൽഎയെയും 15 വരെ അറസ്റ്റ് ചെയ്യില്ല
Saturday, January 11, 2025 2:17 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവർ വിഷം അകത്തു ചെന്നു മരിച്ച സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡിസിസി മുൻ പ്രസിഡന്റും ബത്തേരി എംഎൽഎയുമായ ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ അറസ്റ്റ് 15 വരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു.
ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, 15 വരെ അറസ്റ്റ് പാടില്ലെന്ന് പോലീസിനു വാക്കാൽ നിർദേശം നൽകിയത്.
മുൻകൂർ ജാമ്യാപേക്ഷ 15ന് വീണ്ടും പരിഗണിക്കും. കേസിൽ ഡിസിസി മുൻ പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ, ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവരും പ്രതികളാണ്. ഇതിൽ പി.വി. ബാലചന്ദ്രൻ ജീവിച്ചിരിപ്പില്ല. ഗോപിനാഥനും മുൻകൂർ ജാമ്യത്തിനു നീക്കം നടത്തിവരികയാണ്.
ബത്തേരി മണിച്ചിറയിലെ വീട്ടിൽ വിഷം അകത്തുചെന്ന നിലയിൽ ഡിസംബർ 24നാണു വിജയനെയും മകനെയും കണ്ടെത്തിയത്. 27ന് വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു രണ്ടു പേരുടെയും മരണം.