വിശ്വാസപരിശീലന കമ്മീഷന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
Saturday, January 11, 2025 2:17 AM IST
കാക്കനാട്: വിശ്വാസപരിശീലന കമ്മീഷന് ഓഫീസ് തയാറാക്കിയ ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’ എന്ന മലയാളം പുസ്തകവും ‘ക്യൂയറീസ് ഇന്‍ പാത്ത്വേസ് ഓഫ് ഫെയ്ത്ത് എന്ന ഇംഗ്ലീഷ് പുസ്തകവും പ്രകാശനം ചെയ്തു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാലും ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴിയും ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി.
2024 ജൂലൈ 16 മുതല്‍ 25 വരെ വിശ്വാസ പരിശീലകര്‍ക്കായി നിഖ്യാ വിശ്വാസപ്രമാണത്തെ ആസ്പദമാക്കി പത്തു ദിവസം നീണ്ടുനിന്ന വെബിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’എന്ന പുസ്തകം.
സഭയുടെ വിശ്വാസപ്രമാണം ആഴത്തില്‍ മനസിലാക്കാനും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കാനും കാര്യക്ഷമമായി പകര്‍ന്നുകൊടുക്കാനും സഭാവിശ്വാസികള്‍ക്കും പ്രത്യേകിച്ച് വിശ്വാസപരിശീലകര്‍ക്കും ഏറെ സഹായകമാകുന്ന ഗ്രന്ഥമാണിത്.
ആധുനിക കാലഘട്ടത്തില്‍ വിശ്വാസികളില്‍ രൂപപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും ഉദ്ധരിച്ചു തയാറാക്കിയ ‘വിശ്വാസ വഴിയിലെ സംശയങ്ങള്‍’ എന്ന മലയാളം പുസ്തകത്തിന്റെ പരിഷ്കരിച്ച ഇംഗ്ലീഷ് പരിഭാഷയാണ് ‘ക്യൂയറീസ് ഇന്‍ പാത്ത്വേസ് ഓഫ് ഫെയ്ത്ത്’ എന്ന ഇംഗ്ലീഷ് പുസ്തകം. കത്തോലിക്കാവിശ്വാസം സംബന്ധിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഈ പുസ്തകം ഉത്തരം നല്‍കും.