വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണം ; എംഎൽഎ ഉൾപ്പെടെ നാലു പേർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസ്
Friday, January 10, 2025 2:09 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു പോലീസ് കേസെടുത്തു.
ഡിസിസി മുൻ പ്രസിഡന്റ് അന്തരിച്ച പി.വി. ബാലചന്ദ്രൻ, നിലവിലെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ബത്തേരി എംഎൽഎയും ഡിസിസി മുൻ പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരേയാണു ഭാരതീയ നിയമ സംഹിതയിലെ വകുപ്പ് 108 പ്രകാരം കേസ്.
വിജയനും മകനും വിഷം അകത്തുചെന്നു മരിച്ചതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മരണത്തിനു മുന്പ് വിജയൻ എഴുതിയ കത്തുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ആത്മഹത്യാ പ്രേരണയ്ക്കു കേസെടുത്തത്.
വിജയന്റെ കത്തുകളിൽ പരാമർശിക്കുന്നതാണു കേസിൽ പ്രതിചേർത്ത നാലു പേരും. ബത്തേരി സർവീസ് സഹകരണ ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിൽ നിയമനം വാഗ്ദാനം ചെയ്ത് പലരിൽനിന്നു വാങ്ങിയ പണം നേതാക്കൾക്കു കൈമാറിയതായി വിജയന്റെ കത്തുകളിൽ സൂചിപ്പിച്ചിരുന്നു.
നിയമനങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ നിർദേശപ്രകാരമാണ് വിജയൻ പ്രവർത്തിച്ചത്.പണം നൽകിയവർക്കു നിയമനം നൽകാൻ കഴിയാത്ത സാഹചര്യത്തിലുണ്ടായ ബാധ്യത ഇടനിലക്കാരനായി നിന്ന വിജയന്റെ ചുമലിലായി.
വിജയൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കടങ്ങൾ വീട്ടാൻ പാർട്ടിതലത്തിൽ നടപടി ഉണ്ടായില്ല. ഇതിൽ മനംനൊന്താണ് വിജയൻ ജീവനൊടുക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. കേസിൽ ഉൾപ്പെട്ട നേതാക്കൾ മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തിവരികയാണ്.