തലശേരി സ്വദേശിയായ സിഐഎസ്എഫ് ജവാൻ ഒഡീഷയിൽ വെടിയേറ്റു മരിച്ചു
Saturday, January 11, 2025 2:17 AM IST
തലശേരി: തലശേരി സ്വദേശിയായ മലയാളി സിഐഎസ്എഫ് ജവാനെ ഒഡീഷയിലെ താമസസ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
തലശേരി തിരുവങ്ങാട് രണ്ടാംഗേറ്റ് ചാലിയ യുപി സ്കൂളിനു സമീപം പാനഞ്ചേരി ഹൗസിൽ അഭിനന്ദ് (23) ആണ് മരിച്ചത്. മൃതദേഹം ഇന്നു രാത്രിയോടെ തലശേരിയിലെത്തിക്കും. പോസ്റ്റ്മോർട്ടത്തിനും സൈന്യത്തിന്റെ നടപടിക്രമങ്ങൾക്കും ശേഷം ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹവുമായി സൈനികർ നാട്ടിലേക്ക് തിരിച്ചു.
സംസ്കാരം ഇരിട്ടി വള്ളിത്തോട് നടക്കും. ഒഡീഷയിലെ റൂർക്കലെയിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിളാണ് അഭിനന്ദ്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം.
കഴിഞ്ഞ രണ്ടുവർഷമായി റൂർക്കേലയിലെ സിഐഎസ്എഫ് യൂണിറ്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ലീവ് കഴിഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് അഭിനന്ദ് തിരിച്ചുപോയത്. പി.കെ. അവിനാഷ്-പരേതയായ ഷീലജ ദന്പതികളുടെ മകനാണ്. സഹോദരി: നമിത.