യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്
Saturday, January 11, 2025 2:17 AM IST
തിരുവനന്തപുരം: പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റിക്കാർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. 18.52 ശതമാനം വർധന. 2022ൽ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാർ.
2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയർ ട്രാഫിക് മൂവ്മെന്റുകൾ (എടിഎം) 28,306ൽ നിന്ന് 32,324 ആയി ഉയർന്നു, 14.19 ശതമാനം വർധന.
ഇന്ത്യൻ നഗരങ്ങളിൽ ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളിൽ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് കൂടുതൽ സർവീസുകൾ നടത്തിയത്.
നിലവിൽ പ്രതിദിനം ശരാശരി 100 സർവീസുകൾ വഴി 15,000നു മുകളിൽ യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 11 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തുനിന്ന് സർവീസുകളുണ്ട്.
പ്രതിമാസ യാത്രക്കാരുടെ ശരാശരി നാലു ലക്ഷത്തിനു മുകളിൽ എത്തി. ഡിസംബറിൽ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സർവകാല റിക്കാർഡ് ആണ്. വിമാനത്താവളം വഴിയുള്ള ആഭ്യന്തര കാർഗോ നീക്കം 33.3 ശതമാനം വർധിച്ച് 3,279 മെട്രിക് ടണ് ആയി.
കൊച്ചി വിമാനത്താവളത്തിൽ 2024ൽ 1.09 കോടി യാത്രക്കാർ
വ്യോമയാന മേഖലയിൽ രാജ്യം പ്രതീക്ഷിക്കുന്ന വളർച്ചയ്ക്കനുസരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വികസനം സാധ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്. ഇതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ദേശീയതലത്തിൽ വ്യോമയാന മേഖലയിൽ 16 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ 2025 കലണ്ടർ വർഷത്തിൽ 1.25 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ കലണ്ടർ വർഷം 1,09,85,873 യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിൽ വന്നു പോയത്. ഡിസംബറിൽ മാത്രം പത്തു ലക്ഷത്തിലധികം യാത്രക്കാർ ഉണ്ടായിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ചരിത്രത്തിൽ ഒരു മാസം മാത്രം ഇത്രയും അധികം യാത്രക്കാർ വരുന്നത് ആദ്യമായിട്ടാണ്.-സിയാൽ എംഡി വ്യക്തമാക്കി.
കഴിഞ്ഞ വർഷം കൂടുതൽ ആഭ്യന്തര യാത്രക്കാർ ആയിരുന്നു. 57, 65,943 ആഭ്യന്തര യാത്രക്കാരും 52,19,930 അന്താരാഷ്ട്ര യാത്രക്കാരും കൊച്ചി വിമാനത്താവളം വഴി പോയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് , ജൂൺ ഒഴികെയുള്ള എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണം ഒന്പത് ലക്ഷത്തിലധികമായിരുന്നു.
കഴിഞ്ഞ കലണ്ടർ വർഷത്തിൽ 43,403 ആഭ്യന്തര സർവീസുകളും 31,473 അന്താരാഷ്ട്ര സർവീസുകളും കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തിട്ടുണ്ട്. ജർമനി, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ടു സർവീസുകൾ നടത്തണമെന്ന് അവിടങ്ങളിലെ മലയാളി സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്- സുഹാസ് പറഞ്ഞു.