ലത്തീൻ ബിഷപ്പുമാരുടെ സന്പൂർണ സമ്മേളനം ഇന്ന്
Friday, January 10, 2025 2:10 AM IST
നെയ്യാറ്റിൻകര: നാളെയും മറ്റന്നാളുമായി നെയ്യാറ്റിൻകര ലോഗോസ് സെന്ററിൽ നടക്കുന്ന കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ 44-ാം ജനറൽ കൗണ്‍സിലിനു മുന്നോടിയായി കേരള ലത്തീൻ സഭയിലെ ബിഷപ്പുമാരുടെ സന്പൂർണ സമ്മേളനം ഇന്നു നടക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലത്തീൻ സമുദായത്തിന്റെ നയരൂപീകരണത്തിനും മുന്നൊരുക്കങ്ങൾക്കും ജനറൽ അസംബ്ലി രൂപം നൽകും.
നാളെ രാവിലെ പത്തിനു നടക്കുന്ന കെആർഎൽസിസി ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ’ജൂബിലിയുടെ ചൈതന്യത്തിൽ കേരള ലത്തീൻ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തിൽ ഷെവ. സിറിൾ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ.ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ പ്രസംഗിക്കും. കണ്ണൂർ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശേരി, പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് ഡോ. വിൻസന്റ് സാമുവൽ, മോണ്‍. ജി. ക്രിസ്തുദാസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവരെ ആദരിക്കും.
തുടർന്നുള്ള സെഷനുകളിൽ സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകളെ വിലയിരുത്തി വിവിധ കമ്മീഷനുകൾ, സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
ഞായറാഴ്ച രാവിലെ കെആർഎൽസിസിയുടെ അർധവാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ അവതരിപ്പിക്കും.
പൊതുചർച്ച പി.ആർ. കുഞ്ഞച്ചൻ നിയന്ത്രിക്കും. കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതിയുടെ റിപ്പോർട്ടും സെക്രട്ടറി പ്രബലദാസ് അസംബ്ലി റിപ്പോർട്ടും സമുദായ വക്താവും വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ്, ട്രഷറർ ബിജു ജോസി എന്നിവർ അസംബ്ലിയുടെ പ്രസ്താവനയും അവതരിപ്പിക്കും.
ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപനസന്ദേശം നൽകും. സെക്രട്ടറി പാട്രിക് മൈക്കിൾ നന്ദി രേഖപ്പെടുത്തും.