സിഎംഐ സഭയിൽ ഏഴ് വൈദികർ സുവർണ ജൂബിലി നിറവിൽ
Saturday, January 11, 2025 2:17 AM IST
കോട്ടയം: സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിലെ നാലു വൈദികരുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും മൂന്നു വൈദികരുടെ ആദ്യവ്രത സുവർണജൂബിലിയും ഇന്ന് പാലാ സെന്റ് വിൻസന്റ് ആശ്രമ ദേവാലയത്തിൽ നടത്തും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ഇമ്മാനുവൽ ഞാവള്ളിൽ, ഫാ. ഇമ്മാനുവൽ പഴയപുര എന്നിവരുടെ പൗരോഹിത്യ സുവർണജൂബിലും ഫാ. സേവ്യർ കിഴക്കേമ്യാലിൽ, ഫാ. മാത്യു വടക്കേടത്ത്, ഫാ. ജോസ്കുട്ടി പടിഞ്ഞാറേപ്പീടിക എന്നിവരുടെ ആദ്യവ്രത സുവർണജൂബിലിയുമാണ് ആഘോഷിക്കുന്നത്. രാവിലെ 9.30ന് കൃതജ്ഞതാ ബലി. 11ന് അനുമോദനം. 12.30ന് സ്നേഹവിരുന്ന്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ സിഎംഐ:
കുറവിലങ്ങാട് പന്തപ്ലാംതൊട്ടിയിൽ ജോസഫ്-ഏലിക്കുട്ടി ദന്പതികളുടെ പുത്രൻ. സിഎംഐ പ്രിയോർ ജനറാൾ, രണ്ടുഘട്ടങ്ങളിലായി ദീപിക ചീഫ് എഡിറ്റർ, ദീപിക എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ദീർഘകാലമായി സണ്‍ഡേ ദീപികയിൽ ചിന്താവിഷയം എഴുതുന്നു. അമേരിക്കയിൽ നോത്ര് ദാം സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എംഎയും ഇല്ലിനോയിസ് സർവകലാശാലയിൽനിന്ന് ജേർണലിസത്തില്‍ ഉപരിപഠനവും മർക്കറ്റെ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ഗവേഷണവും നടത്തി. മർക്കറ്റെ സർവകലാശാലയിൽ ജേർണലിസം ഫാക്കൽറ്റിയുമായിരുന്നു. ബംഗളൂരു ക്രൈസ്റ്റ് കോളജിൽ ജേർണലിസം, പൊളിറ്റിക്സ് വകുപ്പുകളിൽ അധ്യാപകനും വകുപ്പുമേധാവിയും വൈസ്പ്രിൻസിപ്പലുമായിരുന്നു. അമേരിക്കയിൽ ദീർഘകാലം മിഷൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും അമേരിക്കയിൽ സേവനം തുടരുന്നു.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ സിഎംഐ:
ഏറ്റുമാനൂർ ചെറുവാണ്ടൂർ കൊച്ചുപുരയ്ക്കൽ ഫിലിപ്പ്-മേരി ദന്പതികളുടെ പുത്രൻ. ദീപിക വാരാന്തപ്പതിപ്പ് എഡിറ്റർ, ദീപിക പരസ്യവിഭാഗം മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. അമേരിക്കയിലും കാനഡയിലും സിഎംഐ സംരംഭങ്ങളുടെ ജനറൽ കോഓർഡിനേറ്ററും അവിടെ വിവിധ കേന്ദ്രങ്ങളുടെയും ഇടവകകളുടെയും ചുമതലക്കാരനുമായിരുന്നു.
ഫാ. ഇമ്മാനുവൽ ഞാവള്ളിൽ സിഎംഐ:
പാലാ കരൂർ ഞാവള്ളിൽ മാണി-മറിയാമ്മ ദന്പതികളുടെ പുത്രൻ. അമനകര പയസ് ടെൻത്, മുത്തോലി സെന്റ്് ജോണ്‍സ് ആശ്രമങ്ങളിൽ പ്രിയോർ. മാന്നാനം, പാലാ സ്കൂളുകളിൽ റെക്ടർ. 1990 മുതൽ സൗത്ത് അമേരിക്ക, കരീബിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ മിഷനറിയാണ്.
ഫാ. ഇമ്മാനുവൽ പഴയപുര സിഎംഐ:
ചേർപ്പുങ്കൽ പഴയപുരയ്ക്കൽ ജോസഫ്-ത്രേസ്യാമ്മ ദന്പതികളുടെ പുത്രൻ. മൂലമറ്റം, പാലാ ആശ്രമം പ്രിയോർ. മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ, പാലാ സെന്റ് വിൻസെന്റ് സ്കൂൾ പ്രിൻസിപ്പൽ, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, ഇടമറ്റം ചാവറ സദൻ ഡയറക്ടർ എന്നീ സേവനങ്ങൾക്കു പുറമെ അമേരിക്കയിൽ വൈദിക ശുശ്രൂഷയും അർപ്പിച്ചു.
ഫാ. സേവ്യർ കിഴക്കേമ്യാലിൽ സിഎംഐ:
മണ്ണാറപ്പാറ കിഴക്കേമ്യാലിൽ വർക്കി-അന്നമ്മ ദന്പതികളുടെ പുത്രൻ. ദീപിക തൃശൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ, പാലാ, പൂഞ്ഞാർ, പുളിയൻമല ആശ്രമങ്ങളിൽ പ്രിയോർ, സിഎംഐ ജനറലേറ്റ് സുപ്പീരിയർ, കൂത്താട്ടുകുളം, കോട്ടയം, കുമളി ആശ്രമങ്ങളിൽ സുപ്പീരിയർ. പാലന്പ്ര, പുതുപ്പള്ളി ദേവാലയങ്ങളിൽ വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഫാ. മാത്യു വടക്കേടത്ത് സിഎംഐ:
നീറന്താനം വടക്കേടത്ത് സ്കറിയ-ഏലിക്കുട്ടി ദന്പതികളുടെ പുത്രൻ. പാലാ സെന്റ് വിൻസന്റ്, കുര്യനാട് സെന്റ് ആൻസ്, പാലന്പ്ര അസംപ്ഷൻ സ്കൂളുകളിൽ അധ്യാപകൻ. വെളിച്ചിയാനി സെന്റ് തോമസ് പള്ളി അസിസ്റ്റന്റ് വികാരി. വചനപ്രഘോഷണം, ടിവി, റേഡിയോ, ടെലിഫിലിം മേഖലകളിലും സജീവസാന്നിധ്യം. സോഷ്യൽ വർക്കിലും സേവനം.
ഫാ. ജോസ്കുട്ടി പടിഞ്ഞാറേപ്പീടിക സിഎംഐ:
ഇടമറുക് പടിഞ്ഞാറേപ്പീടിക ദേവസ്യ-മറിയാമ്മ ദന്പതികളുടെ പുത്രൻ. കോഴിക്കോട് ദേവഗിരി, ബംഗളൂരു ക്രൈസ്റ്റ് കോളജിലും അധ്യാപകൻ, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്് വകുപ്പ് മേധാവി, ബംഗളൂരു ക്രിസ്തുജ്യോതി കോളജ് പ്രിൻസിപ്പൽ, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ, പാലാ സെന്റ് വിൻസന്റ് ആശ്രമം പ്രിയോർ, ചാവറ സെന്റ് വിൻസന്റ് സ്കൂളുകളുടെ മാനേജർ, കോട്ടയം ആശ്രമം പ്രിഫെക്ട്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു.