അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി
Friday, January 10, 2025 1:09 AM IST
കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
പെരുവേലില്‍ പറമ്പില്‍ ജോമോന് തൊടുപുഴ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി വിധിച്ച വധശിക്ഷയാണു ജസ്റ്റീസുമാരായ പി.ബി. സുരേഷ്കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വധശിക്ഷ വിധിച്ചത് അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഉത്തരവ്. ജോമോന് നല്കിയ അപ്പീല്‍ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. എത്രയും വേഗം ഹർജിക്കാരനെ വിട്ടയയ്ക്കാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി രാജേന്ദ്രന്റെ വധശിക്ഷ ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു.
ബലാത്സംഗത്തിന് പത്തു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അതിക്രമിച്ചുകയറിയതിന് പത്തു വര്‍ഷം തടവും 25,000 രൂപ പിഴയും വേറെയും ശിക്ഷിച്ചിരുന്നു. എന്നാല്‍, കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു തന്നെ പ്രതിയാക്കിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
തനിക്കെതിരേ പ്രോസിക്യൂഷന് ഹാജരാക്കിയ തൊണ്ടിമുതലുകളൊന്നും താന്‍ കൈമാറിയതല്ല. കുറ്റസമ്മതമൊഴിയും നല്‍കിയിട്ടില്ല. ഒന്നാം പ്രതി രാജേന്ദ്രന് ചെയ്ത കുറ്റത്തിന് താന്‍ ഉത്തരവാദിയല്ലെന്നും വാദമുന്നയിച്ചു.
2007 ഡിസംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചരയ്ക്കാണ് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ രണ്ടിനു രാത്രി മൂന്നിനും അഞ്ചരയ്ക്കും ഇടയില്‍ കൃത്യം നടന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഒന്നാം പ്രതിക്കൊപ്പം രണ്ടാം പ്രതിയും കൃത്യത്തില്‍ പങ്ക് ചേര്‍ന്നുവെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഇത് അംഗീകരിച്ചാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്.