കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നു: രാജീവ് ഗൗഡ
Friday, January 10, 2025 1:09 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി ഘടന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നതാണെന്ന് എഐസിസി വക്താവ് പ്രഫ. രാജീവ് ഗൗഡ.
അശാസ്ത്രീയമായ ജിഎസ്ടി ഘടനയ്ക്കും നികുതിക്കൊള്ളയ്ക്കുമെതിരേ കോണ്ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി കെപിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരതിൽ പ്രതികരിച്ചത്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങൾ അഞ്ചു വർഷം കൊണ്ട് 22.26 ലക്ഷം കോടി രൂപ ജിഎസ്ടി അടച്ചെങ്കിലും കേന്ദ്രത്തിൽനിന്ന് തിരികെ കിട്ടിയത് 6.42 ലക്ഷം കോടി രൂപ മാത്രമാണ്. 3.41 ലക്ഷം കോടി രൂപ അടച്ച ഉത്തർപ്രദേശിന് 6.91 കോടി രൂപ കേന്ദ്രം നല്കി. കേരളം ഒരു രൂപ കേന്ദ്രത്തിനു നല്കുന്പോൾ തിരിച്ചുകിട്ടുന്നത് 50 പൈസ മാത്രമാണ്.
ബിജെപി ഭരണത്തിൽ ജിഎസ്ടി സംവിധാനം കുത്തഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. ഒൻപതു തരം ജിഎസ്ടി ഏർപ്പെടുത്തി സങ്കീർണമാക്കി. 28 ശതമാനം വരെ നികുതിയുണ്ട്. വാഹനങ്ങൾ, പുകയില, ആർഭാട ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാൽ 50 തരം ജിഎസ്ടികളുണ്ട്. 6 വർഷത്തിനിടയിൽ 900 ഭേദഗതികൾ കൊണ്ടുവന്നു.
200 സർക്കുലറുകൾ പുറപ്പെടുവിച്ചു. എന്നിട്ടും ആശയക്കുഴപ്പങ്ങൾ തുടരുന്നു. അശാസ്ത്രീയമായ ജിഎസ്ടി ഘടനമൂലം നഷ്ടം സംഭവിക്കുന്നത് സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കുമാണ്.
ലൈഫ് ഇൻഷ്വറൻസിനും ആരോഗ്യ ഇൻഷ്വറൻസിനുമൊക്കെ ഉയർന്ന നികുതിയാണ്. അതേസമയം വൻകിടക്കാർ ലാഭം കൊയ്യുന്നു. കോർപറേറ്റ് നികുതി കുറയ്ക്കുകയും അവർക്ക് ഇളവുകൾ നല്കുകയും ചെയ്യുന്നുവെന്നും പ്രഫ. രാജീവ് ഗൗഡ ആരോപിച്ചു.