സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : അനുവദിച്ചതു മൂന്നു മാസത്തെ സംസ്ഥാനവിഹിതം മാത്രം
Saturday, January 11, 2025 2:17 AM IST
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ മൂന്നു മാസത്തെ സംസ്ഥാന വിഹിതം മാത്രം അനുവദിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ 40 ശതമാനം മാത്രം വരുന്ന സംസ്ഥാന വിഹിതം മാത്രമാണ് അനുവദിച്ചത്. ഇനി ഡിസംബറിലെ സംസ്ഥാന വിഹിതവും ലഭിക്കാനുണ്ട്.
എന്നാൽ, 60 ശതമാനം വരുന്ന കേന്ദ്ര വിഹിതം ലഭിക്കാൻ കാലതാമസത്തിന് ഇടയാക്കുന്നത് സംസ്ഥാനം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതു മൂലമാണെന്ന ആരോപണവും ഉയരുന്നു. സംസ്ഥാന സർക്കാർ സമയത്തു കണക്കു നൽകാത്തതിനാലാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതം ലഭിക്കാൻ വൈകുന്നതെന്നാണ് പ്രധാന ആരോപണം.
എന്നാൽ, സ്കൂൾ പാചകത്തൊഴിലാളികളുടെ ശന്പളം ഇനിയും നൽകിയിട്ടില്ല. സെപ്റ്റംബർ മുതൽ പാചകത്തൊഴിലാളികളുടെ ശന്പളം കുടിശികയാണ്.
സ്കൂൾ ഉച്ചഭക്ഷണ പാചകച്ചെലവും കുട്ടികൾക്കു വിതരണം ചെയ്ത പാൽ, മുട്ട എന്നിവയുടെ തുകയും കുടിശികയായതോടെ സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
പാചകച്ചെലവിന് ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് ആറ് രൂപയും ആറ്, എഴ്, എട്ട് ക്ലാസുകൾക്ക് 8.16 രൂപയുമാണു പ്രതിദിനം അനുവദിക്കുന്നത്.
ഇതുകൂടാതെ, സംസ്ഥാന പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരുലിറ്റർ പാലിന് 52 രൂപയും ഒരു മുട്ടയ്ക്ക് ആറ് രൂപയും വീതം നൽകും. ജൂണ് മുതലാണ് ഇത്തരത്തിൽ തുക അനുവദിച്ചത്.
ഉച്ചഭക്ഷണത്തിന് ചെലവായ മുഴുവൻ തുകയും അനുവദിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മുട്ട, പാൽ വിതരണം നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാറും പ്രസിഡന്റ് പി.കൃഷ്ണപ്രസാദും പറഞ്ഞു.