ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര് ; എൻ. പ്രശാന്തിന്റെ സസ്പെൻഷൻ തുടരും
Saturday, January 11, 2025 2:17 AM IST
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പോരുമായി ബന്ധപ്പെട്ട് കൃഷിവകുപ്പു സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ സസ്പെൻഷൻ തുടരും.
കഴിഞ്ഞ നവംബർ 11ന് ആറു മാസത്തേക്കു സസ്പെൻഡ് ചെയ്ത പ്രശാന്തിനു ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കുറ്റാരോപണ മെമ്മോ നൽകിയെങ്കിലും മറുപടി നൽകിയില്ലെന്നു മാത്രമല്ല, ചീഫ് സെക്രട്ടറിയോടു തിരികെ ചോദ്യം ചോദിച്ചു പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് പ്രശാന്ത് സ്വീകരിച്ചത്.
ചീഫ് സെക്രട്ടറി രണ്ടു തവണ കത്തു നൽകിയിട്ടും പ്രശാന്ത് മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് പ്രശാന്തിന്റെ സസ്പെൻഷൻ 120 ദിവസംകൂടി തുടരാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി തീരുമാനിച്ചത്.
ഉന്നതി സ്ഥാപക ഡയറക്ടറായിരുന്ന എൻ. പ്രശാന്ത്, പിന്നാലെയെത്തിയ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും അഡീഷണൽ ചീഫ് സെക്രട്ടറി കെ. ജയതിലകിനെയും സമൂഹമാധ്യമം വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ തുടരാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ തീരുമാനം.
അതേസമയം മതത്തിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച കെ. ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ കഴിഞ്ഞ ദിവസം രാത്രി സർക്കാർ പിൻവലിച്ചിരുന്നു. കുറ്റാരോപണ മെമ്മോയ്ക്ക് ഒരു മാസത്തിനകം മറുപടി നൽകണമെന്നായിരുന്നു രണ്ടു പേരോടും സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
ആരോപണങ്ങൾ നിഷേധിച്ചാണ് കെ. ഗോപാലകൃഷണൻ മറുപടി നൽകിയത്. ഗുരുതര ആക്ഷേപം നേരിടുന്ന കെ. ഗോപാലകൃഷ്ണന്റെ മറുപടി തൃപ്തികരമല്ലെങ്കിലും സസ്പെൻഷൻ റിവ്യൂ കമ്മിറ്റി മൃദുസമീപനം സ്വീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ചത്. അതേസമയം, സസ്പെൻഷൻ പിൻവലിച്ചെങ്കിലും കെ. ഗോപാലകൃഷ്ണന് പുതിയ നിയമനം നൽകിയിട്ടില്ല.
പ്രശാന്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലീസ് സൈബർ വിഭാഗം ശേഖരിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലീസ് സൈബർ സെൽ വിഭാഗം ശേഖരിച്ചു.
സ്വകാര്യ വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് ശേഖരിച്ചു എന്നു കാട്ടി ചീഫ് സെക്രട്ടറിക്ക് എൻ. പ്രശാന്ത് കത്തു നൽകിയതിനു പിന്നാലെയാണ് സൈബർ സെൽ വിഭാഗത്തക്കൊണ്ട് സർക്കാർ ഔദ്യോഗികമായി ശേഖരിച്ചത്.
കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകാത്ത സാഹചര്യത്തിൽ സസ്പെൻഷൻ തുടരാൻചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. പിന്നാലെ സർക്കാർ ഉത്തരവും ഇറക്കിയിരുന്നു.