അതിരൂപതാഭവനം കൈയേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ്
Saturday, January 11, 2025 2:17 AM IST
കൊച്ചി: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കൈയേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിന് എതിരായതുമായ നടപടിയെ സീറോമലബാർ സഭാ സിനഡിലെ മെത്രാന്മാർ ഐകകണ്ഠ്യേന അപലപിച്ചു. ഇത്തരം നടപടികളിൽനിന്നു പിന്മാറാൻ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു.
ഇപ്രകാരമുള്ള പ്രവർത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാർ വിശ്വാസികളോട് സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്കു സിനഡ് നിർദേശം നൽകി.