പ്രിയഗായകന് ഇന്നു യാത്രാമൊഴി
Saturday, January 11, 2025 2:17 AM IST
തൃശൂർ: ആസ്വാദകഹൃദയങ്ങളിൽ ഗാനവർഷം പൊഴിച്ച ശബ്ദമാധുര്യത്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വ്യാഴാഴ്ച രാത്രി അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്നുച്ചകഴിഞ്ഞു മൂന്നരയോടെ എറണാകുളം പറവൂർ ചേന്ദമംഗലത്തെ പാലിയത്തു വീട്ടുവളപ്പിൽ നടക്കും.
ഇന്നു രാവിലെ എട്ടോടെ ചേന്ദമംഗലം പാലിയത്തു തറവാട്ടു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. യാത്രാമധ്യേ രാവിലെ 8.30ന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
അമല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഗാനചന്ദ്രന്റെ ഭൗതികദേഹത്തിൽ ഇന്നലെ രാവിലെ ഒന്പതിന് ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ശ്വേതപുഷ്പചക്രം സമർപ്പിച്ചു. ഒന്പതരയോടെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽവാസികൾക്കുമൊപ്പം പുലർച്ചെ മുതൽ ആരാധകരും അദ്ദേഹത്തെ ഒരുനോക്ക് കാണാൻ കാത്തുനിന്നിരുന്നു.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, എ.കെ. ശശീന്ദ്രൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ഗാനരചയിതാവ് ശ്രീകുമാരൻ തന്പി, ജയരാജ് വാര്യർ, വി.എം. സുധീരൻ എന്നിവരും വീട്ടിലെത്തിയിരുന്നു.
പത്തരയോടെ പൊതുദർശനത്തിനായി സംഗീതനാടക അക്കാദമിയിലേക്ക് കൊണ്ടുപോയി. ഭാവഗായകന്റെ ശബ്ദമാധുര്യം നുകർന്ന നൂറുകണക്കിനാളുകളാണ് ഇവിടെ കാത്തുനിന്നിരുന്നത്.
ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ടി.ജി.രവി, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, ലിഷോയ്, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ബാലചന്ദ്രമേനോൻ, സിബി മലയിൽ, പ്രിയനന്ദനൻ, ജയരാജ്, രഞ്ജി പണിക്കർ, തൃശൂർ മേയർ എം.കെ. വർഗീസ്, മുൻ മന്ത്രി എസ്. ശർമ, എംപിമാരായ ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, മുൻ എംപി ടി.എൻ. പ്രതാപൻ, സംഗീതസംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, അൽഫോൻസ് ജോസഫ്, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, റവ. ഡോ. പോൾ പൂവത്തിങ്കൽ, ഗായകരായ എം.ജി. ശ്രീകുമാർ, മൃദുല വാര്യർ, ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യർ തുടങ്ങി കലാ-സാംസ്കാരിക സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിദ്യാർഥികളുമടക്കം ആയിരങ്ങൾ ആദരാഞ്ജലികളർപ്പിച്ചു.